മിഡ് റേഞ്ച് സ്മാർട് ഫോൺ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് വൺപ്ലസ് ‘നോർഡ് സിഇ4’ പുറത്തിറക്കിയിരിക്കുന്നത്. സിഇ എന്നാൽ കോർ എഡിഷൻ. വൺപ്ലസിന്റ മികവുകൾ കുറഞ്ഞ വിലയിൽ എത്തിക്കുന്ന സീരീസ് ആണിത്. 8 ജിബി റാം,128 ജിബി സ്റ്റോറേജ് വേരിയന്റിനു വില 24,999 രൂപ, 8 ജിബി റാം– 256 ജിബി സ്റ്റോറേജ് ഓപ്ഷന് 26,999 രൂപ.
അറിഞ്ഞിരിക്കേണ്ടതെന്തൊക്കെ?
- ഡാർക് ക്രോം, ഇളം പച്ച ഷെയ്ഡുള്ള സെലഡൻ മാർബിൾ നിറങ്ങളിൽ ലഭിക്കുന്ന സിഇ4 കാഴ്ചയിൽ സിംപിൾ ഫോൺ ആണ്. പിൻഭാഗത്ത്, 2 ക്യാമറകളും ഒരു ഫ്ലാഷും കുത്തനെ നിരത്തിവച്ച ക്യാമറ മൊഡ്യൂൾ ഗുളിക രൂപത്തിലാണ്. പോളികാർബണേറ്റ് ഫ്രെയിം ചതുരവടിവിൽ ആണെങ്കിലും പിടിക്കുമ്പോൾ വിരലുകൾക്കു ബുദ്ധിമുട്ടുണ്ടാക്കില്ല. 0.84 സെന്റിമീറ്റർ മാത്രമാണു കനം. ഭാരം 186 ഗ്രാം. ഫോണിനൊപ്പം ലഭിക്കുന്ന സിലിക്കൺ കവർ ഉപയോഗിച്ചാൽ ഉപയോഗിക്കാൻ കൂടുതൽ സുഖകരം.
- പൊടിയും വെള്ളവും ഫോണിലേക്കു കയറുന്നതു പ്രതിരോധിക്കുന്ന കാര്യത്തിൽ ഐപി54 റേറ്റിങ് ആണ് സിഇ4ന്.
- 6.7 ഇഞ്ച് ഫ്ലാറ്റ് അമൊലെഡ് ഡിസ്പ്ലേയാണ്. 120 ഹെട്സ് വരെ സ്ക്രീൻ റിഫ്രഷ് റേറ്റ്. വെയിലിൽ നിൽക്കുമ്പോഴും സ്ക്രീൻ കാണാൻ കഴിയും. വിരൽ അൽപം നനഞ്ഞിരുന്നാലും മഴ പൊടിയുന്നിടത്തു നിൽക്കുമ്പോഴുമൊക്കെ ടച്സക്രീൻ പ്രവർത്തിപ്പിക്കാം; അക്വാടച് ടെക്നോളജിയാണ് വൺപ്ലസ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
- ക്വാൽകോം സ്നാപ്ഡ്രാഗൻ 7 ജെൻ3 പ്രോസസറാണിതിന്. സിഇ ഫോണിലേക്ക് ആദ്യമായെത്തുകയാണ് ഈ ഒക്ടാകോർ പ്രോസസർ. 8 ജിബി റാം മാഥ്രമല്ല, സ്റ്റോറേജിൽനിന്ന് 8ജി കൂടി വെർച്വൽ റാം ആയി എടുക്കാനും സിഇ4നു കഴിയും. ഒരേ സമയം പല പല ആപ്പുകൾ പ്രവർത്തിപ്പിച്ചാലും ക്ഷീണിക്കാത്ത ഫോൺ ആണ് സിഇ4. സ്റ്റോറേജിന്റെ കാര്യത്തിലും ഈ ഫോൺ യൂസർ–ഫ്രണ്ട്‌ലി തന്നെ. 256 ജിബി പോരെങ്കിൽ 1 ടെറാബൈറ്റ് വരെ എക്സ്പാൻഡബിൾ സ്റ്റോറേജ് സൗകര്യമുണ്ട്.
- എച്ച്ഡിആർ 10 പ്ലസ് വിഡിയോ പ്ലേബാക്ക് ക്ലാരിറ്റി. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ മികച്ച ശബ്ദ വ്യക്തതയുള്ളതാണ്.
- 5500 എംഎഎച്ച് ബാറ്ററി സിഇ4ന്റെ വലിയ സവിശേഷതകളിലൊന്നാണ്. 100 വാട്ട് സൂപ്പർവൂക് ചാർജറാണ് ഫോണിനൊപ്പം ലഭിക്കുക. 29 മിനിറ്റിൽ ഫുൾ ചാർജാകും. ഉറങ്ങാൻ നേരത്ത് ചാർജർ കുത്തുന്നതാണു രീതിയെങ്കിൽ ഫോൺ അതു മനസ്സിലാക്കി പതുക്കെ ചാർജാകും. നമ്മുടെ ചാർജിങ് രീതി മനസ്സിലാക്കാനുള്ള എഐ സംവിധാനം ഇതിലുണ്ട്.
- സോണി ലൈറ്റ് 600 ആണ് മെയിൻ ക്യാമറ സെൻസർ. 50 മെഗാപിക്സൽ. കൈ അൽപം വിറച്ചാലൊന്നും ‘ഇമേജ്’ മോശമാകില്ല; ഒപ്ടിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്. 8 എംപി അൾട്രാവൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫി ക്യാമറ 16 എംപിയാണ്.
- ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 14 ആണ് ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ. 2 വലിയ സോഫ്റ്റ്‍വെയർ അപ്ഡേറ്റുകളും 3 വർഷം സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി ലഭ്യമാക്കും.
- മികച്ച സ്കോറുകളാണ് നോർഡ് സിഇ4 വിവിധ പെർഫോമൻസ് ടെസ്റ്റുകളിൽ നേടുന്നത്. ടോപ് എൻഡ് ഫോണുകളിലേക്കു പോകാൻ നോക്കുന്നില്ല; എന്നാൽ മികച്ച ഫീച്ചറുകളുള്ള, വിശ്വസിക്കാവുന്ന പ്രകടനമുള്ള ഫോൺ വേണം എന്നാണ് ആഗ്രഹമെങ്കിൽ നോർഡ് സിഇ4 പരിഗണിക്കാൻ മടിക്കേണ്ടതില്ല.