ഗോപി മഞ്ചൂരിയന്‍, ചിക്കന്‍ മഞ്ചൂരിയന്‍, മഷ്‌റൂം മഞ്ചൂരിയന്‍ തുടങ്ങി നിരവധി വെറൈറ്റി മഞ്ചൂരിയൻ റെസിപ്പികള്‍ കേട്ടിട്ടുണ്ടല്ലേ? എന്നാല്‍ നല്ല കിടിലന്‍ സ്വാദില്‍ സൂപ്പര്‍ വെറൈറ്റി എഗ്ഗ് മഞ്ചൂരിയന്‍ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി ഇത് കഴിക്കാനായി ഹോട്ടലില്‍ പോവേണ്ട, വീട്ടില്‍ തന്നെ നല്ല അടിപൊളി ടേസ്റ്റില്‍എഗ്ഗ് മഞ്ചൂരിയൻ തയ്യറാക്കാം.
ആവശ്യമായ ചേരുവകള്‍
- എണ്ണ – 1 ടേബിള്‍സ്പൂണ്‍
- വെളുത്തുള്ളി – 3 അല്ലി
- ഇഞ്ചി – 1 ടീസ്പൂണ്‍
- പച്ചമുളക് – 1 * ഉള്ളി – അര
- മുളക് – അര ടീസ്പൂണ്‍
- റെഡ് ചില്ലി സോസ് – 2 ടേബിള്‍സ്പൂണ്‍
- ടൊമാറ്റോ കെച്ചപ്പ് – 2 ടേബിള്‍സ്പൂണ്‍
- സോയാ സോസ് – 1 ടീസ്പൂണ്‍
- കോണ്‍ ഫ്‌ളോര്‍ – 1 ടേബിള്‍ സ്പൂണ്‍
- ഉപ്പ് – അല്പം
- കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍
- മുട്ട – 5
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍
മഞ്ചൂരിയന്‍ തയ്യാറാക്കാന്‍
- മൈദ – 1/4 കപ്പ്
- കോണ്‍ ഫ്‌ലോര്‍ – 1/4 കപ്പ്
- കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍
- മുളകുപൊടി – 1/2 ടീസ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/4 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ഈ മുട്ട മിശ്രിതം അതിലേക്ക് ഒഴിക്കുക. എന്നിട്ട് അലൂമിനിയം ഫോയില്‍ കൊണ്ട് വായു കടക്കാത്തവിധം മൂടി വെക്കണം. ശേഷം ഇഡ്ഡലി പാത്രത്തില്‍ വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് സ്റ്റാന്‍ഡ് ഇട്ട് വെള്ളം നന്നായി തിളപ്പിച്ച ശേഷം അലുമിനിയം ബോയില്‍ കൊണ്ട് മൂടിയ മുട്ടപ്പാത്രം ഇതിലേ്ക് വെക്കുക. 20 മിനിറ്റിന് ശേഷം ഇത് തുറന്ന് ചെറിയ കഷ്ണങ്ങളാക്കി മുട്ട ചതുരത്തില്‍ മുറിച്ചെടുക്കുക.
ശേഷം മൈദ, കോണ്‍ ഫ്‌ലോര്‍, കുരുമുളക് പൊടി, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ് എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് കുറച്ച് വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കുക. ശേഷം മുട്ട കഷ്ണങ്ങള്‍ ഇതിന് മുകളിലേക്ക് പരത്തി വെക്കണം. അത് കഴിഞ്ഞ് ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വെച്ച് വഴറ്റാന്‍ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഈ മുട്ട കഷ്ണങ്ങള്‍ ഇട്ട് ഗോള്‍ഡന്‍ നിറമാകുന്നത് വരെ ഫ്രൈ ചെയ്ത് മാറ്റി വെക്കുക.
അടുത്തതായി ഒരു പാന്‍ അടുപ്പില്‍ വെച്ച് 1 ടേബിള്‍ സ്പൂണ്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ചേര്‍ത്ത് നിറം മാറുന്നത് വരെ വഴറ്റിയെടുക്കണം. ശേഷം ചില്ലി സോസ്, ടൊമാറ്റോ കെച്ചപ്പ്, സോയാ സോസ് എന്നിവ ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക, തുടര്‍ന്ന് കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം. പാകത്തിന് ഉപ്പ് ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. അവസാനം മുട്ട കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി കുറച്ച് കുരുമുളക് പൊടി വിതറി ഇളക്കി നോക്കൂ, നല്ല സൂപ്പര്‍ മഞ്ചൂരിയന്‍ തയ്യാര്‍