സൗദി അറേബ്യയില്‍ ഈ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വെള്ളിയാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. മക്ക, ജിസാന്‍, അസീര്‍, അല്‍ ബാഹ, കിഴക്കന്‍ പ്രവിശ്യ, റിയാദിന്റെ പല ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ആഴ്ച കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.
മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും ലഭിക്കും. ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ എന്നിവിടങ്ങളില്‍ മിതമായ മഴ മുതല്‍ കനത്ത മഴ വരെ ലഭിക്കും. അസീറില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് കാലാവസ്ഥ മുന്നറിയിപ്പുകളും സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മക്കയിലും മദീനയിലും ഉയർന്ന തോതിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയ വിവരപ്രകാരം, ഈ പ്രദേശങ്ങളിൽ 50 മുതൽ 60 മില്ലിമീറ്റർ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.