സ്വകാര്യ സന്ദര്‍ശനമെന്ന് സുരേഷ്‌ ഗോപി: പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: തൃശൂർ എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. അകത്തു സംസാരിച്ചതെല്ലാം പുറത്തുപറയാന്‍ കഴിയുമോ എന്നു മാധ്യമങ്ങളോടു ചോദിച്ച സുരേഷ് ഗോപി ഇതു സ്വകാര്യ സന്ദര്‍ശനമാണെന്നും പറഞ്ഞു.

രാവിലെ പാല കുരിശു പള്ളിയില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് സുരേഷ് ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ച്ചയായിരുന്നുവെന്നും സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്നലെ രാത്രിയാണ് അരുവിത്തുറ പള്ളിയിൽ സുരേഷ് ഗോപി എത്തിയത്. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ച. ലൗ ജിഹാദിനെക്കുറിച്ച് ബിഷപ്പുമായി ചര്‍ച്ച ചെയ്തോയെന്ന ചോദ്യത്തില്‍ നിന്നും സുരേഷ് ഗോപി ഒഴിഞ്ഞുമാറി.

മനുഷ്യരായിട്ട് ജീവിച്ചോട്ടെ സാർ നിങ്ങൾ ഞങ്ങളെ ആ വഴിക്ക് വലിച്ചിഴയ്ക്കാതിരിക്കു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ജി സുകുമാരൻ നായര്‍, വെള്ളാപ്പള്ളി നടേശൻ, വരാപ്പുഴ ബിഷപ്പ് എന്നിവരുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തുന്നുണ്ട്.