മലയാളിയ്ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് മീന്‍കറി. മീന്‍കറി മാത്രം മതി ചിലർക്ക് ഒരു പറ ചോറുണ്ണാന്‍. അത്രയേറെ പ്രിയപ്പെട്ടതാണ് മലയാളിയ്ക്ക് മീന്‍കറി. നല്ല മുളകിട്ട അയലക്കറി ഉണ്ടാക്കിയാലോ ഊണിന്.
ആവശ്യമായാ ചേരുവകൾ
- അയല-1 കിലോ
- തേങ്ങ- 1
- തക്കാളി- 1
- സവാള-1
- പച്ചമുളക്-4
- കുടംപുളി- 3 കഷ്ണം
- വെളുത്തുള്ളി- 10 അല്ലി
- ഇഞ്ചി-1 കഷ്ണം
- കറിവേപ്പില- 1 തണ്ട്
- കുരുമുളക് പൊടി-2 ടീസ്പൂണ്‍
- മല്ലിപ്പൊടി- 1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
- മുളക് പൊടി-അര ടീസ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി മാറ്റി വെയ്ക്കുക. കുടംപുളി പിഴിഞ്ഞ് മാറ്റി വെയ്ക്കുക. തേങ്ങ ചിരകി ഒന്നാം പാല്‍ മാറ്റി വെയ്ക്കുക. കറിച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ചൂടാക്കിയതിനു ശേഷം അതിലേക്ക് ഉലുവ പൊട്ടിയ്ക്കുക. ഇതിലേക്ക് സവാള എടുത്തിട്ട് വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ അതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും കൂടി ഒരുമിച്ചിട്ട് ചതച്ച് എണ്ണയില്‍ മൂപ്പിക്കുക. ഇതിലേക്ക് എല്ലാ മസാലപ്പൊടിയും ചേര്‍ക്കാം.
പൊടികള്‍ നന്നായി ഇളക്കിയ ശേഷം അതിലേക്ക് മാറ്റി വെച്ചിരിയ്ക്കുന്ന പുളിയുടെ വെള്ളവും കൂടി ചേര്‍ത്ത് തിളപ്പിക്കുക. ശേഷം തക്കാളിയിട്ട് ഇളക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചെറു തീയ്യില്‍ മൂടി വെച്ച് തിളപ്പിക്കാം. നന്നായി തിളച്ച് കഴിഞ്ഞാല്‍ മീന്‍ ചേര്‍ക്കാം. മീന്‍ നന്നായി വെന്ത് കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ തിളപ്പിച്ച് വാങ്ങി വെയ്ക്കാം. ഇത് വാങ്ങിവെച്ച ശേഷം പച്ചമുളകും കറിവേപ്പിലയും കറിയുടെ മുകളിലിടാം.