ബോളിവുഡിന് ഇത് കഷ്ടകാലത്തിന്റെ ഒരു ആഴ്ചയാണെന്ന് പറയാതെ പറയേണ്ടി വരും. അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളായ ബഡേ മിയാൻ ഛോട്ടേ മിയാനും അജയ് ദേവ്ഗണിന്റെ മൈദാനും ബോളിവുഡിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ഈ ആഴ്ചയിലെ പ്രധാനപ്പെട്ട സിനിമകളായിരുന്നു. എന്നാൽ ഈദ് റിലീസുകളായെത്തിയ ഇരുസിനിമകൾക്കും തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത.
ഏപ്രിൽ 10 ന് റിലീസ് ചെയ്ത ബഡേ മിയാന്‍ ഛോട്ടേ മിയാന്റെ ബജറ്റ് 350 കോടി രൂപയാണ്. 250 കോടി രൂപ മുതൽമുടക്കിലാണ് അജയ് ദേവ്ഗൺ നായകനായ മൈദാൻ നിർമ്മിച്ചത്. ഈദ് റിലീസുകളായെത്തിയ ഇരു സിനിമകളും ബോക്സോഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് ബോളിവുഡ് സിനിമാലോകം കണ്ടത്.
റിലീസായി രണ്ടാഴ്ചയ്ക്കുള്ളിൽ ആഭ്യന്തര ബോക്സോഫീസിൽ നിന്ന് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ നേടാൻ കഴിഞ്ഞത് 60 കോടി മാത്രമാണ്. മൈദനാകട്ടെ 50 കോടി തികയ്ക്കാൻ പാടുപെടുകയാണ്. ഇതോടെ പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതിനായി പല തിയേറ്ററുടമകളും ടിക്കറ്റ് നിരക്ക് വെട്ടികുറച്ചിരുന്നു.
ഇതോടെ പല തിയേറ്ററുകളും അടച്ചിടാന്‍ പോകുന്നുവെന്നാണ് ഒരു ഇന്ത്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പല റിലീസുകളും നീട്ടിയതായും റിപ്പോർട്ടുകളുണ്ട്. ഇതും ബോളിവുഡിന് വലിയ തിരിച്ചടി തന്നെയാണ്.
കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ബോളിവുഡ് 820 കോടി രൂപ നേടിയെന്നും അതിൽ 515 കോടി രൂപ പത്താനിൽ നിന്നാണെന്നും റിപ്പോർട്ടുകൾ വ്യകതമാക്കുന്നു. എന്നാൽ ഈ വർഷം ആദ്യ പാദത്തിലെ ബിസിനസ് 700 കോടി രൂപയായിരുന്നു, അതായത് 15 ശതമാനം ഇടിവാണ് കഴിഞ്ഞ വർഷത്തേതിൽ ഈ വർഷം ബോളിവുഡിന് ഉണ്ടായത്.
ഷാഹിദ് കപൂർ-കൃതി സനോൺ അഭിനയിച്ച തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ (80 കോടി), ക്രൂ (81 കോടി), യാമി ഗൗതം അഭിനയിച്ച ആർട്ടിക്കിൾ 370 (82 കോടി), അജയ് ദേവ്ഗൺ നയിക്കുന്ന സൂപ്പർനാച്ചുറൽ ത്രില്ലർ ഷൈതാൻ (149 കോടി രൂപ) തുടങ്ങിയവയാണ് ഈ വർഷം ആദ്യ പാദത്തിൽ മികച്ച നിലവാരം പുലർത്തിയ ചിത്രങ്ങൾ.