കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊലകേസിൽ പ്രതിയായ നരേന്ദ്ര കുമാറിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 20 വർഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കുകയും ചെയ്യണം. അപൂര്‍വങ്ങളിൽ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് 2017ൽ വിചാരണ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.
വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2015 മേയ് 16 ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവര്‍ കൊല്ലപ്പെട്ടതാണ് കേസ്.
വീട്ടിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉത്തർ പ്രദേശിലെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ (26) ആയിരുന്നു പ്രതി. അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും വി.എം.ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. എന്നാൽ ഒരു മനുഷ്യനാണ് എന്നതും സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെ ഉള്ളത് എന്നതും പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.
ഡ്രൈക്ലീനിങ് സ്ഥാപനത്തിൽ കിടന്നുറങ്ങുകയായിരുന്ന പ്രവീൺ ലാലിനെയാണ് ഇയാൾ ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ഫോൺ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലാലസനെയും പ്രസന്നയെയും വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ജോലി സ്ഥലത്തെ പ്രശ്നങ്ങളും മോഷണവുമായിരുന്നു പ്രതിയുടെ ലക്ഷ്യങ്ങളെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിനു ശേഷം നാടുവിട്ട പ്രതിയെ യുപിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.