വാഷിങ്ടൻ ∙ യുഎസിൽ ടിക്–ടോക് നിരോധനത്തിനു വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നൽകി. ചൈനീസ് ഐടി കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്–ടോക് യുഎസിൽ 17 കോടി ആളുകൾ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളിൽ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിൽ നിന്ന് മാറിയില്ലെങ്കിൽ ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ആപ് സ്റ്റോറുകളിൽ ടിക്–ടോക് ലഭ്യമാകില്ല. ബൈറ്റ്ഡാൻസിന്റെ യുഎസിലെ പ്രവർത്തനങ്ങൾ അതിനുള്ളിൽ കൈമാറിയിരിക്കണം.
വിവരങ്ങൾ ചോർത്തുന്നതിലൂടെ ദേശീയ സുരക്ഷിതത്വത്തിന് ടിക്–ടോക് ഭീഷണിയാകുന്നുവെന്നാരോപിച്ച് നിരോധനത്തിനായി നിയമനടപടി ആരംഭിച്ചിട്ട് 4 വർഷമായി. ജനപ്രതിനിധിസഭ കഴിഞ്ഞയാഴ്ച പാസാക്കിയ ബില്ലിൽ ഉടൻ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 2020 ൽ അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടിക്–ടോക് നിരോധിച്ചെങ്കിലും നടപടി കോടതി തടഞ്ഞിരുന്നു.
യു.എസിൽ വിലക്ക് വന്നതിന് പിന്നാലെ പ്രതികരിച്ച് ടിക് ടോക് സി.ഇ.ഒ ഷോ സി ച്യു. തങ്ങൾ എവിടെയും പോകുന്നില്ലെന്നായിരുന്നു കമ്പനി സി.ഇ.ഒയുടെ ആദ്യ പ്രതികരണം. വസ്തുതകളും ഭരണഘടനയും തങ്ങൾക്കൊപ്പമാണ്. ഇനിയും യു.എസിൽ തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. യു.എസ് ടിക് ടോകിനെ വിലക്കിയതിന് പിന്നാലെ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് സി.ഇ.ഒയുടെ പ്രതികരണം. പ്രമുഖ സോഷ്യൽ മീഡിയ ആപായ ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നൽകിയിരുന്നു. ചൊവ്വാഴ്ചയാണ് ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നൽകിയത്. ടിക് ടോകിന്റെ മാതൃസ്ഥാപനമായ ചൈനീസ് കമ്പനി ബൈറ്റാൻസ് കമ്പനിയിലെ ഓഹരികൾ വിറ്റില്ലെങ്കിൽ നിരോധനമേർപ്പെടുത്തുമെന്നാണ് യു.എസ് അറിയിച്ചത്. തുടർന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടതോടെ ബിൽ നിയമമാവുകയും ചെയ്തു.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെയാണ് ബില്ല് അവതരിപ്പിച്ചത്. യു.എസ് സെനറ്റിലെ അംഗങ്ങൾ ടിക് ടോക്കിന്റെ ചൈനീസ് ഉടമസ്ഥതയിൽ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് സൂചന. യു.എസിലെ പൗരൻമാരുടെ സ്വകാര്യത ടിക് ടോക് ലംഘിക്കുമെന്നായിരുന്നു യു.എസ് സെനറ്റ് അംഗങ്ങളുടെ പ്രധാന ആശങ്ക.ബിൽ യാഥാർഥ്യമായാൽ 170 മില്യൺ യു.എസ് ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമായിരിക്കുമതെന്ന് കഴിഞ്ഞ ദിവസം ടിക് ടോക് പ്രതികരിച്ചിരുന്നു. ഏഴ് മില്യൺ അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങൾ ടിക് ടോക്കിലുണ്ട്. 24 ബില്യൺ ഡോളർ പ്രതിവർഷം ടിക് ടോക് യു.എസ് സമ്പദ്‍വ്യവസ്ഥക്ക് നൽകുന്നുണ്ടെന്നും കമ്പനി പറഞ്ഞിരുന്നു.