ഓഫ് റോഡ് യാത്രകൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നവർക്കായി വാഹനം തിരഞ്ഞെടുക്കുമ്പോൾ അധികവും തിരഞ്ഞെടുക്കുന്നത് മഹീന്ദ്ര ഥാർ, മാരുതി ജിംനി, ഫോഴ്‌സ് ഗൂർഖ പോലുള്ളവയാണ്, ഇതിൽ ഏതാണ് രാജാവ് എന്ന ചിന്ത ഇല്ലാതെ തന്നെ നമുക്ക് നിസംശയം പറയാൻ കഴിയും അത് ഥാർ തന്നെയാണെന്ന്. എന്നാൽ ഥാറിനേക്കാൾ കേമൻ ഒന്നുണ്ട്. വിപണിയിൽ നിന്നും കിട്ടുന്ന ഹൈപ്പ് അതൊന്ന് വേറെ തന്നെയാണ്. ഥാറിനെ ജനപ്രിയമാക്കിയത് അതിന്റെ സ്റ്റൈലും താങ്ങാനാവുന്ന വിലയും തന്നെയാണ്. എന്നാൽ കേമനായി മറ്റൊരാൾകൂടിയുണ്ട്.
മറ്റാരുമല്ല, മഹീന്ദ്രയുടെ തന്നെ അപ്പൻതമ്പുരാനായ ജീപ്പ് റാങ്ലറിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. പണക്കാരുടെ ഥാർ എസ്‌യുവിയെന്ന് വിശേഷപ്പിച്ചാലും തെറ്റൊന്നുമില്ല. വണ്ടിഭ്രാന്തൻമാർക്കിടയിൽ ഏറ്റവും ഫാൻസുള്ള കിങിന് ഇപ്പോഴിതാ ചെറിയൊരു ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചിരിക്കുകയാണ് അമേരിക്കൻ മുതലാളി.
ടീസറിലൂടെ കാണിച്ച് കൊതിപ്പിച്ച റാങ്ലർ എസ്‌യുവിയുടെ ഏറ്റവും പുതിയ ആവർത്തനം ജീപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മുമ്പത്തേതു പോലെ തന്നെ അൺലിമിറ്റഡ്, റൂബിക്കൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റിന് ഇന്ത്യൻ വിപണിയിൽ യഥാക്രമം 67.65 ലക്ഷം രൂപ, 71.65 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.
അതായത് മുൻഗാമിയേക്കാൾ ഏകദേശം 5 ലക്ഷം രൂപ വില കൂടുതലാണ് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെന്ന് സാരം. 2023-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച റാങ്‌ലറിന്റെ അതേ മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇവിടെ ഇന്ത്യയിലും എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. അൺലിമിറ്റഡിൻ്റെ എക്സ്റ്റീരിയറിലാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ കാണാനാവുന്നത്. മുന്നിൽ പുതിയ ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്ലാണ് എറിച്ചുനിൽക്കുന്നത്.
ഒപ്പം പുതിയ 18 ഇഞ്ച് അലോയ് വീലുകളും കൂടിയാവുന്നതോടെ സംഗതി കളറാവുന്നുണ്ട്. റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൻഡ്ഷീൽഡും പുതിയതാണെന്നും ഗൊറില്ല ഗ്ലാസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നും ജീപ്പ് പറയുന്നു. അൺലിമിറ്റഡ് വേരിയന്റ് ഇപ്പോൾ ബ്രൈറ്റ് വൈറ്റ്, ബ്ലാക്ക്, ഗ്രാനൈറ്റ് ക്രിസ്റ്റൽ, ഫയർക്രാക്കർ റെഡ്, സാർജ് ഗ്രീൻ എന്നിങ്ങനെ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വരുന്നത്.
അൺലിമിറ്റഡ് പോലെ റൂബിക്കണിലും കറുപ്പിലൊരുക്കിയിരിക്കുന്ന സിഗ്നേച്ചർ സെവൻ-സ്ലാറ്റ് റേഡിയേറ്റർ ഗ്രില്ലും 17 ഇഞ്ച് അലോയ് വീലുകളുമാണ് ലഭിക്കുന്നത്. ഹാർഡ്-ടോപ്പ്, സോഫ്റ്റ്-ടോപ്പ് റൂഫ് എന്നിവയാണ് റാങ്ലറർ എസ്‌യുവിയുടെ രണ്ട് വേരിയന്റുകളുടേയും പ്രധാന പ്രത്യേകത. ഇന്റീരിയറിലേക്ക് കയറിയാലും സംഗതി അടിപൊളിയാണ്. ഡാഷ്ബോർഡ് രൂപകൽപ്പനയും മറ്റ് കാര്യങ്ങളുമെല്ലാം മുൻഗാമിക്ക് സമാനമായി തോന്നുമെങ്കിലും ചില നവീകരണങ്ങൾ ജീപ്പ് നടപ്പിലാക്കിയിട്ടുണ്ട്.
അമേരിക്കൻ വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ യുകണക്ട് 5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനാണ് അകത്തളത്തിലെ പ്രധാന മാറ്റം. വലിയ സ്‌ക്രീനിന്റെ വരവോടെ സെൻട്രൽ എയർ വെൻ്റുകൾ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിന് താഴേക്ക് മാറിയിട്ടുണ്ട്. 12 തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളും ഏറ്റവും പുതിയ 2024 ജീപ്പ് റാങ്ലറിന്റെ ഭാഗമാണ്.
സേഫ്റ്റിയിലും വിട്ടുവീഴ്ച്ചയില്ലാതെയാണ് വണ്ടി രൂപപ്പെടുത്തിയിരിക്കുന്നത്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ടയർ പ്രഷർ മോണിറ്റർ, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്നീ സുരക്ഷാ സന്നാഹങ്ങളാണ് ജീപ്പ് റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റിൽ ഒരുക്കിയിട്ടുള്ളത്.
മുമ്പത്തെപ്പോലെ റാങ്ലറിന്റെ രണ്ട് വേരിയന്റുകളിലും 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ജീപ്പ് നൽകിയിരിക്കുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഇതിന് 270 bhp പവറിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ജീപ്പിൻ്റെ സെലക്-ട്രാക്ക് ഫുൾടൈം 4WD സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ കൊടുത്തിട്ടുമുണ്ട്.
ഡിസൈൻ മാറ്റങ്ങളുണ്ടെങ്കിലും അപ്രോച്ച്, ഡിപ്പാർച്ചർ, ബ്രേക്ക്ഓവർ ആംഗിൾ എന്നിവ യഥാക്രമം 36 ഡിഗ്രി, 31 ഡിഗ്രി, 20 ഡിഗ്രി (റൂബിക്കോണിന് 21 ഡിഗ്രി) എന്നിവയിൽ മാറ്റമില്ലാതെ തുടരുന്നതായാണ് ജീപ്പ് പറയുന്നത്. വിലയിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും ഇനിയും ആളുകൾ വാങ്ങാനെത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സെഗ്മെന്റിൽ നേരിട്ട് എതിരാളിയൊന്നുമില്ലെങ്കിലും റേഞ്ച് റോവർ വെലാർ, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട്, ബിഎംഡബ്ല്യു X3, ഓഡി Q5 പോലുള്ളവയോട് മത്സരിക്കാൻ റാങ്ലറിനാവും.