ദുബൈ: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിൽ പോകുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി മാറിയ ഇന്ത്യൻ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് വർധന പ്രതിഷേധാർഹമാണെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവർ അഭിപ്രായപ്പെട്ടു.
വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവരെ ചൂഷണം ചെയ്യുന്ന രീതിയിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ കൊള്ളക്കെതിരെ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് പ്രവാസികളുടെ ഭരണഘടനാവകാശത്തെ ഹനിക്കുന്നതാണ്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്ന പ്രവാസി ഇന്ത്യക്കാരുടെ അവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്തായി തെരഞ്ഞെടുപ്പിനെ മതേതര ജനാധിപത്യ വിശ്വാസികൾ മാറ്റണമെന്നും പ്രസ്താവന അഭിപ്രായപ്പെട്ടു.