മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് സ്വപ്‌ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കും. രേഖകൾ കൈമാറുമെന്നും കേസുമായി മുന്നോട്ടെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രിയും മകളുമാണ് സ്പിംഗ്‌ളര്‍ക്ക് പിന്നിലെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടി.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ആവശ്യമെന്ന് സ്വപ്‌ന പറഞ്ഞു. സ്പ്രിങ്കളര്‍ കേസ് അങ്ങനെയങ്ങ് ഒഴിഞ്ഞുപോകാന്‍ പറ്റില്ല. ഒളിച്ചുവെക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. ഇതില്‍ അടുത്ത നടപടിയിലേക്ക് കടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ പരാതി നല്‍കുന്നതിന് തിരഞ്ഞെടുപ്പുമായി ഒരുബന്ധവുമില്ലെന്ന് അവര്‍ അവകാശപ്പെട്ടു. വീണ വിജയനും പിണറായി വിജയനും തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് എം. ശിവശങ്കര്‍ തന്നോട് കുറ്റസമ്മതം നടത്തിയതായി സ്വപ്‌ന പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ് ഇന്ന് കോടതിയില്‍ ഹാജരായി.കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്.
സ്‌പേസ് പാര്‍ക്കിലെ ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്ന കോടതിയില്‍ ഹാജരായത്. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും, പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്. കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം സ്പേസ് പാർക്കിൽ കൺസൾട്ടന്റായി നിയമിച്ച സ്വപ്നയ്ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് കത്ത് നൽകിയെങ്കിലും പണം ലഭിച്ചിട്ടില്ല. പണം നൽകാനാകില്ലെന്നാണ് പിഡബ്ല്യുസിയുടെ നിലപാട്.