ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തുവാനുറച്ച് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മത രാഷ്ട്രീയ സംസ്‌കാരിക നേതാക്കളും, സ്ഥാനാര്‍ത്ഥികളും. എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രാവിലെ 7ന് വാഴപ്പള്ളി സെന്റ്. തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തി സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും, സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലും രാവിലെ തന്നെ അസംഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ എത്തി വോട്ട് ചെയ്യും.
ബസേലിയോസ് മാര്‍തോമാ മാതൃൂസ് തൃതീയന്‍ കാതോലിക്കാബാവ രാവിലെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട് 12 മണിക്ക് കോട്ടയം മുട്ടമ്പലം ലൈബ്രറിയിലെ ബൂത്തില്‍ എത്തി വോട്ട് ചെയ്യും. മന്ത്രി വി.എന്‍ വാസവനും കുടുംബവും രാവിലെ 9 ന് പാമ്പാടി എംജിഎം സ്‌കളിലാണ് വോട്ട് ചെയ്യുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ രാവിലെ 8.15 ന് വയസ്‌ക്കര ഗവ.എല്‍ പി സ്‌കൂളിലും, ജോസ് കെ മാണി എം പി 9.15 ന് പാല സെന്റ്.തോമസ് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.
കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ രാവിലെ 7.30 ന് എസ് എച്ച് മൗണ്ട് ഹയര്‍സെക്കന്ററി സ്‌കൂളിലും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി കണിച്ചുകുളങ്ങര വിഎച്ച് എസ് എസിലെ ഏഴാം നമ്പര്‍ ബൂത്തില്‍ 7 മണിക്കും വോട്ട് ചെയ്യും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് 7 മണിക്ക് മൂവാറ്റുപുഴ ഗവ. സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണി തിരുവനന്തപുരം ജഗതി എല്‍പി സ്‌കൂളില്‍ രാവിലെ വോട്ട് രേഖപ്പെടുത്തും.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍ രാവിലെ തന്നെ കുടുംബ സമേത മത്തി വോട്ട് ചെയ്യും
പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ:തോമസ് ഐസക്ക് തിരുവനന്തപുരം കവടിയാര്‍ എസ്. എച്ചില്‍ നാളെ 7ന് വോട്ട് രേഖപ്പെടുത്തും
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് ചെയ്യും. ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാല്‍ തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം. ആരിഫ് കുതിരപ്പന്തി ടി.കെ. മെമ്മോറിയല്‍ സ്‌കൂളിലും വോട്ട്‌ചെയ്യും.
എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ആലത്തൂരാണ് വോട്ട്. മാവേലിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന് കൊട്ടാരക്കര ടൗണ്‍ യു.പി.എസിലെ 83-ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന് ആലപ്പുഴ മണ്ഡലത്തിലാണ് വോട്ട്. കായംകുളം ചേരാവള്ളി എല്‍.പി.എസിലെ 98-ാം നമ്പര്‍ ബൂത്തില്‍ രാവിലെ എട്ടിനും എന്‍.ഡി.എ സ്ഥാനാര്‍ഥി ബൈജുകലാശാല രാവിലെ എട്ടിന് താമരക്കുളം പഞ്ചായത്ത് ഹാളിലെ 163-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്യും.
മന്ത്രി പി. പ്രസാദ് രാവിലെ ഒമ്പതിന് നൂറനാട് സി.ബി.എം സ്‌കൂളിലും മന്ത്രി സജി ചെറിയാന്‍ രാവിലെ എട്ടിന് കൊഴുവല്ലൂര്‍ എസ്.എന്‍.ഡി.പി എല്‍.പി സ്‌കൂളിലും വോട്ട് ചെയ്യും. പറവൂര്‍ പനയക്കുളങ്ങര ഗവ. ഹൈസ്‌കൂളിലെ ബൂത്തിലാണ് മുന്‍മന്ത്രി ജി. സുധാകരന്റെ വോട്ട്. രമേശ് ചെന്നിത്തല എം.എല്‍.എ രാവിലെ 8.30ന് മണ്ണാറശാല യു.പി. സ്‌കൂളില്‍ കുടുംബസമേതം വോട്ട് ചെയ്യും. രാവിലെ 11.30ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി വയലാര്‍ ലിറ്റില്‍ ഫ്‌ലവര്‍ യു.പി സ്‌കൂളിലെ 44ാം നമ്പര്‍ ബൂത്തിലും എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങര ഗേള്‍സ് ഹൈസ്‌കൂളില്‍ കുടുംബസമേതം വോട്ട് ചെയ്യും.
ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍, നടന്‍ കുഞ്ചാക്കോ ബോബന്‍, ചലച്ചിത്ര സംവിധായകന്‍ ഫാസില്‍, മക്കളും നടന്മാരുമായ ഫഹദ് ഫാസില്‍, ഫര്‍ഹാന്‍ ഫാസില്‍ എന്നിവര്‍ സീവ്യൂ വാര്‍ഡിലെ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്‌കൂളില്‍ വോട്ട് ചെയ്യും. സംഗീതസംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബിന് മുഹമ്മദന്‍സ് സ്‌കൂളിലെ യൂനിവേഴ്സിറ്റി സെന്ററിലെ ബൂത്തിലും ടെക്ജന്‍ഷ്യ ജോയ് സെബാസ്റ്റ്യന്‍ പാട്ടുകളം എസ്.ആര്‍.ആര്‍.എല്‍.പി.എസിലും തിരക്കഥാകൃത്ത് ഷാഹി കബീറിന് സീവ്യൂ വാര്‍ഡിലെ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി. സ്‌കൂളിലും വോട്ട് ചെയ്യും. വിപ്ലവ ഗായിക പി.കെ. മേദിനി മണ്ണഞ്ചേരി പടിഞ്ഞാറേ മഹല്ല് തബ്‌ലീഗുല്‍ ഇസ്ലാം മദ്‌റസ ബൂത്തിലും സി.പി.എം ജില്ലസെക്രട്ടറി ആര്‍. നാസര്‍ അയ്യപ്പഞ്ചേരി സ്‌കൂളിലും സി.പി.ഐ ജില്ലസെക്രട്ടറി ടി.ജെ. ആഞ്ചലോസ് പൊള്ളത്തൈ ഗവ.എച്ച്.എസ് ബൂത്തിലും വോട്ട് ചെയ്യും