ആലപ്പുഴ : ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകിയെന്ന് ശോഭാ സുരേന്ദ്രൻ. തനിക്കെതിരെ വ്യാജ ആരോപണം നടത്തുന്നതിൽ തെളിവുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണമുണ്ടായാൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരത്തിൽ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്ന നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രൻ പരാതിയിൽ ആവശ്യപ്പെട്ടു.
സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേയ്‌ക്ക് പോകുമെന്ന് ഉറപ്പായപ്പോൾ നടത്തുന്ന വ്യാജപ്രചാരണങ്ങളാണ് ഇത്. ഇതൊന്നും കണ്ട് പേടിച്ച് പിന്മാറുന്നയാളല്ല താൻ. ആലപ്പുഴയിൽ ശോഭ സുരേന്ദ്രനും കെസി വേണുഗോപാലും തമ്മിലാണ് മത്സരം. മണ്ഡലത്തിൽ താൻ ജയിക്കുമെന്നാണ് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രൻ ഹാജരാക്കി. ഇ പി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായി വിജയന് വ്യക്തമായി അറിയാം.
ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. പിന്നെ എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇ പി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ തെളിവുകൾ ഹാജരാക്കി വ്യക്തമാക്കി. പിന്നീട് ഇപി പിൻമാറിയത് എന്തുകൊണ്ടാണെന്ന് പിണറായിക്ക് അറിയാമെന്നും ശോഭ ആരോപിച്ചു. ഇപിയും ഭാര്യയും ജീവിച്ചിരിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഇ പിയുമായുള്ള ഡൽഹി ചർച്ചക്ക് തനിക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാറാണ്. കൊച്ചി -കോയമ്പത്തൂർ , കോയമ്പത്തൂർ -ഡൽഹി ടിക്കറ്റ് ആണ് അയച്ചത്. ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ ആക്ഷേപിച്ചു, നന്ദകുമാറിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.