ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിരുന്നു, ജയരാജന്‍റെ മകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ശോഭ; ആരോപണം നിഷേധിച്ച് ഇപിയുടെ മകൻ

ആലപ്പുഴ: ബിജെപിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലില്‍ താന്‍ കൂടിക്കാഴ്ച നടത്തിയെന്നും ശോഭാ വ്യക്തമാക്കി.

ജയരാജന്റെ മകന്‍ അയച്ച വാട്‌സാപ്പ് സന്ദേശവും ഡല്‍ഹിയിലേക്ക് പോകുന്നതിനായി പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദല്ലാള്‍ നന്ദകുമാര്‍ എടുത്തുനല്‍കിയ ടിക്കറ്റും ശോഭാസുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

ഇ പി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായി വിജയന് വ്യക്തമായി അറിയാം. ഇപി ജയരാജന്റെ മക്കൾ തനിക്ക് മെസ്സേജ് അയക്കേണ്ട ആവശ്യം എന്താണ്? പ്ലീസ് നോട്ട് മൈ നമ്പർ എന്നായിരുന്നു ഇ പി ജയരാജന്റെ മകൻ വാട്സാപ്പിലൂടെ അയച്ചത്. ബിജെപിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നത് ഡൽഹിയിൽ വച്ചാണ്.. ആകെ രണ്ടു തവണയാണ് താൻ വിദേശത്ത് പോയത്. ഇ പിജയരാജന്റെ കുടുംബത്തെ ബാധിക്കും എന്നതുകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. ഈ പി ജയരാജൻ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായിക്ക് വ്യക്തമായി അറിയാം. ഇ പിയുമായുള്ള ഡൽഹി ചർച്ചക്ക് തനിക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാറാണ്. കൊച്ചി -കോയമ്പത്തൂർ , കോയമ്പത്തൂർ -ഡൽഹി ടിക്കറ്റ് ആണ് അയച്ചത്. ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ ആക്ഷേപിച്ചു, നന്ദകുമാറിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ശോഭാ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ഇപി ജയരാജന്റെ മകൻ. ശോഭ സുരേന്ദ്രൻ എറണാകുളത്തെ വിവാഹ വീട്ടിൽ വച്ച് തന്നെ പരിചയപ്പെട്ടിരുന്നു. ഫോൺ നമ്പർ ചോദിച്ചുവാങ്ങിയത് ശോഭയാണ്. ഒന്നുരണ്ട് തവണ ഇങ്ങോട്ട് വിളിച്ചു. പക്ഷേ ഞാൻ ഫോൺ എടുത്തില്ല. തന്നെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും ജിജിന്ത് രാജ് പ്രതികരിച്ചു.

ശോഭ സുരേന്ദ്രൻ പറയുന്നത് കളളമാണെന്നും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇപി പ്രതികരിച്ചു. ശോഭ സുരേന്ദ്രനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. ഒരു വിവാഹച്ചടങ്ങിൽ വച്ച് ശോഭ മകന്‍റെ നമ്പർ വാങ്ങി. ഇടയ്ക്കിടെ നരേന്ദ്രമോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു. മകൻ ഒരു മറുപടിയും കൊടുത്തിട്ടില്ല. ശോഭയെ വിളിച്ചിട്ടില്ലെന്നും ഇപി ജയരാജൻ പറയുന്നു.