കല്പറ്റ: വയനാട്ടിൽ കൂടുതൽ കിറ്റുകൾ പിടിടച്ചെടുത്തു. ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്നാണ് കൂടുതൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. ഇതിന് പിന്നാലെ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
167 കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് പിടിച്ചെടുത്തത്. ബിജെപി പ്രാദേശിക നേതാവ് വികെ ശശിയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്.
കിറ്റ് സേവാഭാരിതയുടേതാണെന്നും വിഷുവിന് വിതരണം ചെയ്യാൻ വെച്ചിരുന്ന കിറ്റായിരുന്നുവെന്നും ബിജെപി മണ്ഡലം ട്രഷറർ വേണുഗോപാൽ പറഞ്ഞു. വിഷു കഴിഞ്ഞ് കിറ്റ് കിട്ടിയതുകൊണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിതരണം ചെയ്താൽ മതിയെന്ന് സേവാഭാരതി നിർദേശം നൽകി. തുടർന്നാണ് വികെ ശശിയുടെ വീട്ടിൽ കിറ്റ് സൂക്ഷിച്ചതെന്ന് വേണുഗോപാൽ പറഞ്ഞു.
480 രൂപയോളം വിലവരുന്ന വസ്തുക്കളടങ്ങിയതാണ് കിറ്റ്. ഓരോന്നും 5 കിലോ വീതമെങ്കിലും തൂക്കം വരുന്നതാണ്. 11 സാധനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്. ചായപ്പൊടി, പഞ്ചസാര, റവ, വെളിച്ചെണ്ണ, സോപ്പ് എന്നിവയടക്കമുള്ള കിറ്റിലുണ്ട്. കല്പറ്റയിലെ ഒരു മൊത്തവ്യാപാര വിതരണകേന്ദ്രത്തില്‍നിന്നുള്ള കിറ്റുകളാണ് കണ്ടെത്തിയത്.
ഏത് സാഹചര്യത്തിലാണ് കിറ്റുകൾ ഇവിടെ എത്തിയത് എന്നതിൽ അന്വേഷണം നടക്കും. ജനാധിപത്യപരമായി തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം കിറ്റുകൾ വിതരണം ചെയ്ത് വോട്ട് സ്വാധീനിക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനവിരുദ്ധവുമാണെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കുറ്റപ്പെടുത്തി.
സംഭവത്തിൽ പരിശോധനകൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആർക്ക് വേണ്ടി, എന്തിന് വേണ്ടിയാണ് കിറ്റ് കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണംചെയ്യാനെന്ന് സംശയിക്കുന്ന രണ്ടായിരത്തോളം കിറ്റുകള്‍ ബത്തേരിയില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു. ചരക്കുവാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റുകളാണ് പോലീസ് പിടികൂടിയത്.