പത്തനംതിട്ട: പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ചോർന്ന സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെയാണ് മുഖ്യ വരണാധികാരി കൂടിയായ കളക്ടർ സസ്‌പെൻഡ് ചെയ്തത്.
സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ് കലക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമഗ്രമായ അന്വേഷണം വേണമെന്നും ആന്റോ ആൻറണി ആവശ്യപ്പെട്ടു.
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സാപ്പിൽ പ്രചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ചെയ്യിക്കാനുള്ള സിപിഎം നീക്കമാണ് ഇതെന്നാണ് ആന്റോ ആന്റണിയുടെ ആരോപണം.
ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
പോളിംഗ് ദിവസം ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥർക്ക് എവിടെയാണ് ഡ്യൂട്ടി എന്നും ആരാണ് ഒപ്പം ഡ്യൂട്ടി ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് സാമഗ്രികൾ കൈപ്പറ്റുന്ന ദിവസം മാത്രമേ അറിയാൻ കഴിയു. ഈ ലിസ്റ്റ് ആണ് ഇന്നലെ ചോർന്നത് -ലിസ്റ്റ് ഡിസ്ട്രിബ്യൂഷൻ സെൻററിൽ ഫ്‌ലക്‌സ് ബോർഡ് അടിക്കാൻ അയച്ചു കൊടുക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് മാറി അയക്കുകയായിരുന്നു എന്നാണ് വിശദീകരണം.