ബിഹാറിലെ പട്നയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പട്ന റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ 30 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ഹോട്ടലിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടം ഉണ്ടായത്.
സംഭവത്തെത്തുടർന്ന് എട്ടോളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. രണ്ടുമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം അപകടത്തിൽ പെട്ടവരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ശക്തമായ കാറ്റിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചതായും അഗ്നി ശമനാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
ഹോട്ടലില്‍ സുരക്ഷാ നിയമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സ്ഥലത്തെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി പട്ന അഗ്നിരക്ഷാ സേനാ ഡയറക്ടര്‍ ജനറല്‍ ശോഭാ അഹൊകാകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം രാവിലെ 11 മണിയോടുകൂടിയാണ് അപകടം ഉണ്ടായതെന്നും അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രാജീവ് മിശ്ര അറിയിച്ചു.