ന്യൂഡൽഹി: അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിന് മറുപടിയുമായി ഇന്ത്യ. റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും ഇതിന് കേന്ദ്രസര്‍ക്കാര്‍ ഒരു വിലയും നല്‍കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റിപ്പോർട്ട് വലിയ മുൻവിധിയോടെ ഉള്ളതാണെന്നും ഇന്ത്യയെക്കുറിച്ചുള്ള തെറ്റായധാരണയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മണിപ്പൂരില്‍ നടന്ന സംഘര്‍ഷങ്ങള്‍, ബിബിസിയില്‍ നടത്തിയ റെയ്ഡുകള്‍, കാനഡയില്‍ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ വിഷയം കൈകാര്യം ചെയ്ത രീതി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മനുഷ്യാവകാശ റിപ്പോര്‍ട്ട്.
മണിപ്പുരിൽ മേയ് മൂന്നിനും നവംബർ 15-നും ഇടയിൽ 175 പേർ കൊല്ലപ്പെട്ടതായും അറുപതിനായിരം പേർക്ക് സ്ഥലം വിടേണ്ടിവന്നതായും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തതായി അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. അക്രമം തടയുന്നതിലും ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷിക്കുന്നതിലും മാനുഷികസഹായമെത്തിക്കുന്നതിലും വീടുകളും ആരാധനാലയങ്ങളും പുനർനിർമിച്ചുനൽകുന്നതിലും കേന്ദ്രസർക്കാരിനും മണിപ്പുർ സർക്കാരിനുമുണ്ടായ വീഴ്ചകളെ സുപ്രീംകോടതി വിമർശിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്ത് പൗരസംഘടനകൾ, മുസ്‌ലിം, സിഖ് തുടങ്ങിയ മതന്യൂനപക്ഷങ്ങൾ, പ്രതിപക്ഷപാർട്ടികൾ തുടങ്ങിയവയ്ക്കെതിരേ തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്ന തന്ത്രം പ്രയോഗിക്കുകയും ഇവർക്കുനേരേ സുരക്ഷാഭീഷണി ഉയർത്തുകയും ചെയ്യുന്നതായി പൗരസംഘടനകൾ റിപ്പോർട്ടുചെയ്യുന്നതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിൽ പറയുന്നു.
ബി.ബി.സി.യുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ നടത്തിയ ആദായനികുതി റെയ്‌ഡുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. റെയ്‌ഡിന് ഔദ്യോഗികകാരണമായി ചൂണ്ടിക്കാട്ടിയത് നികുതിയടയ്ക്കുന്നതിലെ വീഴ്ചകളാണ്. എന്നാൽ, വിഷയവുമായി ഒരുബന്ധവുമില്ലാത്ത പത്രപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മനുഷ്യാവകാശ പ്രതിബദ്ധതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.