തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം ജനങ്ങളെ അറിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ ടേൺഔട്ട് ആപ്. മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിംഗ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.
വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ടേൺ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിംഗ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് നിലയും അപ്പപ്പോൾ അറിയാനാവും. പോളിംഗ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ടാണ് ആപ്പിൽ ലഭ്യമാവുക. പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും.
കൂടാതെ പോൾമാനേജറും സജ്ജമാക്കി. പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങളും നിരീക്ഷിക്കാനും ഓരോ മണിക്കൂറുകളിലുമുള്ള പോളിങ് നില ഉദ്യോഗസ്ഥർക്ക് പുതുക്കാനുമാണ് പോള്‍ മാനേജർ. പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, സെക്ടറല്‍ ഓഫിസര്‍, സി.ഇ.ഒ, ആര്.ഒ എ.ആര്.ഒ എന്നിവര്‍ക്ക് ഇത് നിരീക്ഷിക്കാന്‍ കഴിയും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ സെർവറിൽ നിന്നുള്ള തത്സമയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്.
വോട്ടിംഗ് ശതമാനം സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. തെരഞ്ഞെടുപ്പ് കാലയളവിൽ മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക.