രത്നം എന്ന തമിഴ് ചിത്രം റിലീസ് ചെയ്യുന്നതിൽ തടസം നേരിടുന്നുവെന്ന് നടൻ വിശാൽ. വെള്ളിയാഴ്ച്ച തന്റെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ട്രിച്ചിയിലും തഞ്ചാവൂരിലുമുള്ള വിതരണക്കാർക്കെതിരെ നടികർസംഘം സെക്രട്ടറി കൂടിയായ നടൻ രംഗത്തെത്തിയത്. വിതരണക്കാരുടെ സംഘടനയിലെ അംഗങ്ങളുടെ ഓഡിയോ ക്ലിപ്പും താരം പുറത്തുവിട്ടിട്ടുണ്ട്.
രത്നത്തിന്റെ റിലീസ് തടയാൻ ശ്രമിക്കുന്നതാണ് ശബ്ദ സന്ദേശത്തിലുള്ളതെന്ന് വിശാൽ ആരോപിക്കുന്നു. ട്രിച്ചി, തഞ്ചാവൂർ തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ചിദംബരം, പ്രസിഡന്റ് മീനാക്ഷി എന്നിവരുടെ പേര് ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. രത്നത്തിന്റെ ബുക്കിംഗ് ഒഴിവാക്കാൻ അസോസിയേഷൻ തീരുമാനിച്ചത് ഒരു അജ്ഞാതന്റെ കത്ത് വഴിയാണ്. ഇവർ അഴിമതി നടത്തുകയാണെന്നും വിശാൽ ആരോപിക്കുന്നു.
ഇതേ അസോസിയേഷനിലുള്ളയാളാണ് കത്തയച്ചയാളെന്നും മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്ക് തന്റെ ആരോപണങ്ങളേക്കുറിച്ചറിയാമെന്നും നടൻ പറഞ്ഞു. നിരവധി വിജയ സിനിമകളുടെ ഭാഗമായ തനിക്ക് സ്വന്തം മേഖലയിൽ നിന്ന് ഇത്തരം തിരിച്ചടികൾ നേരിടേണ്ടി വരികയാണെന്നും വിശാൽ കൂട്ടിച്ചേർത്തു. തന്റെ മുൻചിത്രമായ മാർക്ക് ആന്റണിക്കും സമാനമായ സഹാചര്യം ഉണ്ടായിരുന്നതായി വിശാൽ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.