എറണാകുളം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണം ഗൗരവകരമായ സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വരഹിതമായ ആക്രമമാണ് വിദ്യാര്‍ത്ഥി നേരിടേണ്ടിവന്നത്.ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി പറഞ്ഞു. ഗവർണർ സസ്‌പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് മുൻ വിസി എം.ആർ.ശശീന്ദ്രനാഥിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്‍ ഇക്കാര്യം പ്രസ്താവിച്ചത്.
‘‘ഒരു വിദ്യാർഥി മറ്റുള്ള വിദ്യാർഥികളുടെ മുന്നില്‍വച്ച് ദിവങ്ങളോളം മനുഷ്യത്വരഹിതമായ മര്‍ദനത്തിന് ഇരയാവുകയും അത് ആത്മഹത്യയിലേക്ക് നയിക്കുകയുമാണ് ഉണ്ടായത്. ഇതിന് ഉത്തരവാദികളായവരും അറിഞ്ഞു കൊണ്ടോ ഉപേക്ഷ കൊണ്ടോ ഇത്തരമൊരു ക്രൂരമായ മർദനം തടയാനും അത് ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്തതിൽ ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടതുണ്ട്. അതുകൊണ്ട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ല എന്ന് കോടതി കരുതുന്നു. പരാതിക്കാരനായ വിസിക്ക് തന്റെ ഭാഗം അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാക്കാം’’, കോടതി വ്യക്തമാക്കി.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വിസി വീഴ്ച വരുത്തിയെന്ന് കണ്ടാണ് ഗവര്‍ണര്‍ നടപടിയെടുത്തത്. അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്യാൻ ചാൻസലർക്ക് അധികാരമില്ലെന്നായിരുന്നു വിസിയുടെ വാദം. എന്നാൽ കോടതി ഈ വാദം തള്ളി. കേസ് നിലവില്‍ സിബിഐ അന്വേഷിക്കുകയാണ്.