റാഞ്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലില്‍ കഴിയുന്ന ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഭാര്യ കല്പന സോറന് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. ജാർഖണ്ഡ് മുക്തി മോർച്ചയുടെ എംഎൽഎയായിരുന്ന സർഫറാസ് അഹമ്മദ് രാജി വെച്ചതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന ഗിരിദിഹ് ജില്ലയിലെ ഗണ്ഡേ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് കല്പന സോറൻ മത്സരിക്കുക.
ഝാര്‍ഖണ്ഡില്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 20 നാണ് ഗാണ്ഡേയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഭൂമികുംഭകോണ കേസില്‍ ജനുവരി 31 നാണ് ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.ഹേമന്ദ് സോറന്റെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും അറസ്റ്റിന് പിന്നാലെ ഡല്‍ഹി രാംലീല മൈതാനിയിലും റാഞ്ചിയിലും ഇന്ത്യ മുന്നണി സംഘടിപ്പിച്ച മഹാറാലികളില്‍ കല്പന സോറന് പങ്കെടുത്തിരുന്നു. സുനിത കെജ്രിവാളിനൊപ്പം ആം ആദ്മിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് റാലിയിലും കല്പന പങ്കെടുത്തിരുന്നു.
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കല്പന ഭുവനേശ്വറിൽ നിന്ന് എൻജിനീയറിങ്, എംബിഎ ബിരുദവും നേടി.