ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിൽ 17,000 പുതിയ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് തടഞ്ഞ് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ. ഉപഭോക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. ‘അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു,’- ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.
ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്‌ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ‘ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപഭോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു’- വക്താവ് കൂട്ടിച്ചേര്‍ത്തു.
എന്താണ് ക്രെഡിറ്റ് കാർഡ്
പണമിടപാടുകൾ നടത്തുവാൻ വേണ്ടി ബാങ്കുകൾ ഉപഭോക്താക്കൾക്കു നൽകുന്ന പ്ലാസ്സ്റ്റിക്കിനാൽ നിർമ്മിതമായ കാർഡാണ് ക്രെഡിറ്റ് കാർഡ്. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. പണം കൈവശം സൂക്ഷിക്കണ്ട എന്നതാണ് ഉപഭോക്താക്കൾക്കു ലഭിക്കുന്ന പ്രധാന സൗകര്യം. പതിനഞ്ചു മുതൽ അൻപതു ദിവസം വരെ കടമായാണ് ബാങ്കുകൾ പണം നൽകുന്നത്. കാർഡ് അക്കൗണ്ടിൽ അനുവദിച്ചിരിക്കുന്ന ക്യാഷ് ലിമിറ്റിൽ നിന്നും പണം എ.റ്റി.എം.-ൽ നിന്നും പിൻവലിക്കുവാനും സാധിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ പണം തിരികെ അടച്ചില്ലെങ്കിൽ ബാങ്കുകൾ പലിശ ഈടാക്കുന്നതാണ്. ക്രെഡിറ്റ് കാർഡിന്റെ അതേ രൂപത്തിൽ ബാങ്കുകൾ ഇപ്പോൾ ഡെബിറ്റ് കാർഡുകളും,ഗിഫ്റ്റ് കാർഡുകളും പുറത്തിറക്കുന്നുണ്ട്. കാർഡിന്റെ മുൻപുവശത്തായി കാണുന്ന പതിനാറക്കങ്ങളാണ് ഉപഭോക്താവിന്റെ ബാങ്കിലെ അക്കൗണ്ട് നമ്പർ. കാർഡിന്റെ ഉപയോഗകാലാവധിയും മുൻപുവശത്തായി കാണാം. ഈ കാലാവധിക്കുള്ളിൽ മാത്രമേ കാർഡ് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. കാലാവധി കഴിയുമ്പോൾ ബാങ്കുകൾ പുതിയ കാർഡുകൾ അയച്ചു നൽകുകയും ചെയ്യും.
ഡെബിറ്റ് കാർഡിനോളം സ്വീകാര്യത ഇപ്പോൾ ക്രെഡിറ്റ് കാർഡിനും ലഭിക്കുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗം ഇപ്പോൾ കുത്തനെ കൂടിയിട്ടുണ്ട്. എന്നാൽ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ സാമ്പത്തിക ഭദ്രതയ്ക്ക് തന്നെ ക്രെഡിറ്റ് കാർഡുകൾ ഭീഷണിയായേക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം
ക്രെഡിറ്റ് വിനിയോഗ നിരക്ക്
ക്രെഡിറ്റ് വിനിയോഗം എന്നത് ക്രെഡിറ്റ് കാർഡ് ബാലൻസിന്റേയും, ക്രെഡിറ്റ് പരിധികളുടേയും അനുപാതത്തെ സൂചിപ്പിക്കുന്നു. ക്രെഡിറ്റ് കാർഡ് ബില്ലുകൾ നേരത്തെ അടയ്ക്കുന്നത് കുടിശ്ശികയുള്ള ബാലൻസ് കുറയ്ക്കുന്നു. അതായത് ഉത്സവ സീസണുകളിൽ നൽകുന്ന പ്രത്യേക ഓഫറുകളും ഡീലുകളും പ്രയോജനപ്പെടുത്തുന്നത് നല്ലതാണെങ്കിലും ക്രെഡിറ്റ് വിനിയോഗ നിരക്ക് (സിയുആർ )നിരീക്ഷിക്കുക. ക്രെഡിറ്റ് വിനിയോഗ നിരക്ക് 30 ശതമാനത്തിൽ താഴെ നിലനിർത്താൻ ശ്രമിക്കുക. 30 ശതമാനം കവിയുന്നത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും.
ക്യാഷ്ബാക്കും റിവാർഡ് പോയിന്റുകളും പ്രയോജനപ്പെടുത്തുക
ഉത്സവ സീസണുകളിൽ സാധാരണയായി ക്രെഡിറ്റ് കാർഡ് ഓഫറുകൾ, കിഴിവുകൾ, ക്യാഷ്ബാക്കുകൾ, റിവാർഡ് പോയിന്റുകൾ എന്നിവ ലഭിക്കും. അത് കൃത്യമായി മനസിലാക്കി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. എന്നാൽ ക്യാഷ്ബാക്കുകൾക്കോ റിവാർഡ് പോയിന്റുകൾക്കോ വേണ്ടി അനാവശ്യ സാധനങ്ങൾ വാങ്ങരുത്. അത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. എല്ലാ ഉൽപ്പന്നങ്ങളും ക്യാഷ്ബാക്കുകൾക്കും റിവാർഡുകൾക്കും യോഗ്യമല്ല എന്നത് ശ്രദ്ധിക്കണം. അതോടൊപ്പം ക്രെഡിറ്റ് കാർഡ് സ്വൈപ്പുചെയ്യുന്നതിന് മുമ്പ്, പണമാക്കാൻ കഴിയുന്ന റിവാർഡ്/ക്യാഷ്ബാക്ക് പോയിന്റുകൾ കാർഡിന് നിലവിലുണ്ടോയെന്ന് പരിശോധിക്കുന്നതും നല്ലതാണ്.
പണം പിൻവലിക്കൽ ഒഴിവാക്കുക
ഷോപ്പിംഗിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ബാങ്കുകൾ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യും. എന്നാൽ എടിഎമ്മുകളിൽ നിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ ഈ ആനുകൂല്യങ്ങൾ ബാധകമല്ല. ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പണം പിൻവലിക്കലിന് ഉയർന്ന പലിശ നിരക്കുകൾ ഈടാക്കും. സാധാരണയായി പ്രതിമാസം 2.5 മുതൽ 3 ശതമാനം വരെയാണ് പലിശ ഈടാക്കുക. അതുകൊണ്ടുതന്നെ എടിഎമ്മുകളിൽ നിന്നും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നത് പരമാവധി ഒഴിവാക്കുക. കാർഡ് ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി, ക്യാഷ് അഡ്വാൻസുകൾക്ക് പലിശ രഹിത കാലയളവ് ഇല്ല, ഇടപാടിന്റെ തീയതി മുതൽ പണമടയ്ക്കുന്നത് വരെ പലിശ ഈടാക്കും.
ലേറ്റ് ഫീ ഒഴിവാക്കുക
ആഘോഷവേളയിൽ അമിതമായി ചെലവഴിച്ച ശേഷം, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ് നോക്കുന്നത് പേടി സ്വപ്‌നത്തിന് സമാനമാണ്.Bഒരാളുടെ പരിധിക്കപ്പുറം ചെലവഴിക്കുകയും, നിശ്ചിത തീയതിക്കകം മിനിമം ബാലൻസ് അടയ്‌ക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ, ലേറ്റ് പേയ്മെന്റ് ചാർജ്ജുകൾ ഈടാക്കും. മൊത്ത കുടിശ്ശിക അടിസ്ഥാനമാക്കിയാണ് ലേറ്റ് പേയ്മെന്റ് ഫീസ് ഈടാക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് 2,000 മൊത്ത കുടിശ്ശിക ഉണ്ടെങ്കിൽ 100 രൂപ ലേറ്റ് ഫീ ആയി ചാർജ്ജ് ചെയ്യുന്നു. എന്നാൽ 25000 രൂപ വരെയുള്ള കുടിശ്ശികയ്ക്ക് 1000 രൂപ വരെ ലേറ്റ് ഫീ ചുമത്താം. അതുകൊണ്ടുതന്നെ നിശ്ചിത തീയതിക്കകം ഏറ്റവും മിനിമം ബാലൻസ് എങ്കിലും അടച്ചാൽ, ലേറ്റ് ഫീ ഒഴിവാക്കാം. അതേസമയം അടയ്‌ക്കാത്ത ബാലൻസ് തുകയ്ക്ക് ഫിനാൻസ് ചാർജുകൾ ബാധകമായിരിക്കും.
നോ-കോസ്റ്റ് ഇഎംഐ
ആകർഷകമായ ഓഫറുകൾക്കും ക്യാഷ്ബാക്കുകൾക്കുമിടയിൽ, നോ- കോസ്റ്റ് ഇഎംഐ ഓഫറുകളും കാണാം. അതായത് പ്രത്യക്ഷമായ പലിശയില്ലാതെ തുല്യ തവണകളായി പണമടച്ച് സാധനങ്ങൾ വാങ്ങുക. എന്നാൽ നോ-കോസ്റ്റ് ഇ.എം.എ വഴി വാങ്ങുമ്പോൾ ഉൽപ്പന്നം നേരിട്ട് വാങ്ങിയാൽ ലഭ്യമാകുന്ന കിഴിവുകൾ നഷ്ടമാകുമോ എന്ന് പരിശോധിക്കണം.
കാർഡുകളുടെ എണ്ണം പരിമിതപ്പെടുത്തുക
പലർക്കും 3-4 ക്രെഡിറ്റ് കാർഡുകൾ ഉണ്ട്. വ്യത്യസ്ത ആവശ്യങ്ങൾക്ക് വ്യത്യസ്ത കാർഡുകൾ ഉപയോഗിക്കുകയും ചെയ്യും. എന്നാൽ അതിന്റെ ആവശ്യമുണ്ടോ എന്ന് ചിന്തിച്ച് നോക്കൂ. എല്ലാ ക്രെഡിറ്റ് കാർഡുകളും സ്വൈപ്പുചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്താൽ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.