മസ്‌കത്ത്: 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ ഒമാനിൽ പിടിയിൽ. സൗത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസിന്റെ കീഴിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലഹരിക്കടത്ത് നടത്തിയ ഒമ്പത് പേർ ഒമാനിൽ പിടിയിലായിരുന്നു. വിവിധ സംഭവങ്ങളിലായി നാല് ഏഷ്യൻ വംശജരും അഞ്ച് അറബ് വംശജരുമാണ് പിടിയിലായിരുന്നത്. പ്രതികളുടെ അറസ്റ്റ് വിവരം റോയൽ ഒമാൻ പൊലീസ് എക്സിൽ പങ്കുവെക്കുകയായിരുന്നു.
എട്ട് ലക്ഷത്തിലധികം ലഹരി ഗുളികയുമായി ഒരു എഷ്യൻ വംശജനെ ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റാണ് പിടികൂടിയത്. സൈക്കോട്രോപിക് ലഹരിവസ്തുവടങ്ങിയ എട്ട് ലക്ഷത്തിലധികം ഗുളികകൾ കൈവശം വച്ച ഇയാളെ സ്‌പെഷ്യൽ ടാസ്‌ക് പൊലീസിന്റെ സഹകരണത്തോടെയാണ് അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തത്.
മറ്റൊരു സംഭവത്തിൽ ഏഷ്യൻ വംശജരായ മൂന്ന് പ്രവാസികളെ സൈക്കോട്രോപിക് പദാർത്ഥങ്ങളെ ചെറുക്കുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ അറസ്റ്റ് ചെയ്തു. 70 കിലോഗ്രാമിലേറെ ഹാഷിഷ്, 60 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, സൈക്കോട്രോപിക് ലഹരിവസ്തുവടങ്ങിയ 5,300 ഗുളികകൾ എന്നിവ ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു.
ഖാത്ത് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അറബ് പൗരത്വമുള്ള അഞ്ച് പേരെ ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസിന്റെ ബോട്ടുസംഘം അറസ്റ്റ് ചെയ്തു. 1000-ലധികം പൊതി ഖാത്ത് ഇവരിൽ നിന്ന് പിടികൂടി. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.