ന്യൂഡൽഹി: ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ഹരജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും. മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ആനന്ദ് എസ്.ജൊന്ദാലെ എന്ന അഭിഭാഷകനാണ് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയത്.
മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ മതപരമായും ജാതീയമായും വിദ്വേഷണം സൃഷ്ടിക്കുന്നതാണെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിൽ 9ന് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗവും ഹരജിയിൽ പ്രതിപാദിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദൈവങ്ങളെയോ ആരാധനാലയങ്ങളെയോ ഉപയോഗിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണ് മോദിയുടെ പ്രസംഗത്തിലുണ്ടായതെന്നാണ് ഹരജിയിലെ പ്രധാന വാദം. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ മോദി മതവും ജാതിയും നിരന്തരം ഉപയോഗിക്കുന്നു എന്നും ഹരജിയിൽ പറയുന്നു
അതേസമയം,കോൺഗ്രസ് പ്രകടനപത്രികയെകുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനങ്ങളെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ മോദിക്ക് തുറന്ന കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് എഴുതിയ കത്ത് സമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ ഖാർഗെ പങ്കുവെച്ചു.
വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമായി മാറിയെന്നും കത്തിൽ പരാമർശിക്കുന്നു. ഇത്തരത്തിൽ സംസാരിക്കുന്ന താങ്കൾ താങ്കളുടെ പദവിയുടെ അന്തസ്സ് ഇല്ലാതാക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് പ്രധാനമന്ത്രിയേക്കൊണ്ട് ഇത്തരം മോശമായ ഭാഷ പറയിപ്പിച്ചതെന്ന് എല്ലാം അവസാനിക്കുമ്പോൾ ജനങ്ങൾ മനസ്സിലാക്കും. രാജ്യത്തെ പാവപ്പെട്ടവരും പിന്നാക്കക്കാരുമായ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും ഇന്ന് നിങ്ങൾ അവരുടെ താലിമാലയെ കുറിച്ചാണ് പറയുന്നതെന്നും ഖാർഗെ വിമർശിക്കുന്നു.