ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം മുഴുവന്‍ വിവിപാറ്റുകളിലേയും സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പ്രസ്താവിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധികളാണ് പ്രസ്താവിക്കുക.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഹര്‍ജിക്കാര്‍. സ്ലിപ്പുകൾ മുഴുവൻ എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചു സംശയം ഉയർന്നെന്ന പേരിൽ തിരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിക്കാനോ നിർദേശങ്ങൾ നൽകാനോ സാധിക്കില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ മികവിനെക്കുറിച്ചു സംശയിക്കുന്നവരുടെയും ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്നു വാദിക്കുന്നവരുടെയും ചിന്ത മാറ്റാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ഇതിനുശേഷവും ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി പ്രശാന്ത് ഭൂഷൺ സംശയങ്ങൾ ഉയർത്തി. പിന്നാലെയാണു വോട്ടിങ് മെഷീൻ ഹാക്ക് ചെയ്തു കൃത്രിമം നടത്താനാവുമെന്ന ആരോപണത്തിനു തെളിവില്ലെന്നു ജസ്റ്റിസ് ദീപാങ്കർ ദത്ത പരാമർശിച്ചത്. ഇതുവരെ വോട്ടിങ് മെഷീൻ ഹാക്ക് ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവിശ്വാസമോ സംശയമോ ഉണ്ടെന്നു കരുതി ഉത്തരവിടാൻ കഴിയുമോ എന്നും കോടതി ചോദിച്ചു.
നിലവില്‍ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളില്‍നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്. എന്നാല്‍, മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഈ ആവശ്യം പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
വോട്ടെടുപ്പ് നിയന്ത്രിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനാണ് വോട്ടെടുപ്പ് നടത്താനുള്ള അധികാരമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്തതിന് തെളിവുകളില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇവിഎമ്മുകളേക്കുറിച്ച് ആരാഞ്ഞ സംശയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കിയ ശേഷമാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.