മുംബൈ: ബോളിവുഡ് നടന്‍ സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. സുഭാഷ് ചന്ദെർ (37), അനുജ് താപൻ (32) എന്നിവരാണ് പഞ്ചാബിൽ നിന്ന് അറസ്റ്റിലായത്. വെടിവയ്ക്കാൻ അക്രമകാരികൾക്ക് തോക്കും വെടിയുണ്ടകളും നൽകിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.
പഞ്ചാബ് സ്വദേശികളായ ഇരുവരും ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുളളവരാണ്. ഇതിനിടെ ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന പ്രതികളായ വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ മുംബൈയിലെ കോടതിയിൽ ഹാജരാക്കി.
പ്രതികളുടെ കസ്റ്റഡി കാലാവധി മൂന്നു ദിവസം കൂടി നീട്ടി. ആക്രമണത്തിനു ശേഷം ഗുജറാത്തിലേക്ക് കടന്ന പ്രതികൾ രൂപ മാറ്റം വരുത്തിയതായും സൽമാൻ ഖാനുമായി ഇരുവർക്കും മുൻകാല ശത്രുത ഇല്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ആക്രമണത്തിനായി രണ്ടു തോക്കുകളും 40 തിരകളുമാണ് കരുതിയിരുന്നത്. അഞ്ചു റൗണ്ട് വെടിയുതിർത്തു. ഇതിൽ 17 തിരകളാണ് താപി നദിയിൽ നിന്നും കണ്ടെടുത്തതെന്നും ശേഷിയ്ക്കുന്നവയ്ക്കായി തെരച്ചിൽ തുടരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതികളുടെ മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നിലെ സാമ്പത്തിക സ്രോതസ് ആരായിരുന്നുവെന്നതടക്കമുളള അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പോലീസ്.
മാർച്ച് 17 ഞായറാഴ്ച രാവിലെയാണ് നടന്റെ മുംബൈയിലെ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവെപ്പ് നടന്നത്. പുലർച്ചെ അഞ്ചു മണിയോടെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് ഇരുവരും പ്രവർത്തിച്ചതെന്നാണ് വിവരം. ലോറൻസ് ബിഷ്‌ണോയ് ജയിലിലാണെങ്കിലും ഇയാളുടെ സഹോദരൻ അൻമോലാണ് വെടിവെപ്പ് സംഘത്തെ ഒരുക്കിയത്. കേസിൽ ഇയാളെക്കൂടി പിടികൂടേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.