പട്ന: ബീഹാറിലെ പട്നയിൽ ജെഡിയു നേതാവിനെ അജ്ഞാതരായ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. പുൻപുനിൽ നിന്നുള്ള സൗരഭ് കുമാറാണ് കൊല്ലപ്പെട്ടത്. അക്രമികൾ സൗരഭിന്റെ തലയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർത്തു. ഈ സമയം സൗരഭിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുൻമുൻ കുമാറിനും വെടിയേറ്റു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോഴായിരുന്നു അജ്ഞാതർ ബൈക്കിലെത്തി സൗരഭ് കുമാറിന് നേരെ വെടിയുതിർക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സൗരഭ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം സുഹൃത്ത് മുൻമുൻ കുമാർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. അക്രമികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.