ഹൈദരാബാദ്: ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്‌സ് എട്ടിന് 170ല്‍ അവസാനിച്ചു.
ടോസ് നേടിയ ആര്‍സിബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. കോലിയുടെയും രജത് പട്ടീദാറിന്റെയം അര്‍ധ സെഞ്ചുറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മികച്ച സ്‌കോറിലേക്കെത്തിയത്. വിരാട് കോലി 45 പന്തില്‍ 51 റണ്‍സും പട്ടീദാര്‍ 20 പന്തില്‍ 50 റണ്‍സും നേടി.
പവര്‍ പ്ലേക്ക് ശേഷം ബൗണ്ടറി കണ്ടെത്താന്‍ പാടുപെട്ട കോലിയുടെ ബാറ്റില്‍ നിന്ന് ഒറ്റ ബൗണ്ടറി പോലും പിറക്കാതിരുന്നത് ആര്‍സിബിക്ക് തിരിച്ചടിയായിരുന്നു. 16 പന്തില്‍ 32 റണ്‍സെടുത്ത കോലി 37 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. പവര്‍ പ്ലേക്ക് ശേഷം നേരിട്ട 19 പന്തില്‍ കോലി നേടിയത് 18 റണ്‍സായിരുന്നു. 20 പന്തില്‍ 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കാമറൂണ്‍ ഗ്രീനാണ് ആര്‍സിബിയെ 200 കടത്തിയത്.
ഹൈദരാബാദിനായി ജയദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടി നടരാജന്‍ രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറില്‍ത്തന്നെ വമ്പനടിക്കാരന്‍ ട്രാവിസ് ഹെഡിനെ നഷ്ടമായി. വില്‍ ജാക്‌സിന്റെ പന്തില്‍ കരണ്‍ ശര്‍മ ക്യാച്ച് ചെയ്ത് പുറത്താവുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്ണേ ട്രാവിസിന് ചേര്‍ക്കാനായുള്ളൂ. യഷ് ദയാല്‍ എറിഞ്ഞ നാലാം ഓവറില്‍ അഭിഷേക് ശര്‍മയും പുറത്തായി. 13 പന്തില്‍ 31 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിക്കൊണ്ടിരിക്കേയാണ് വിക്കറ്റ് കളഞ്ഞത്.
അടുത്ത ഓവറില്‍ എയ്ഡന്‍ മാര്‍ക്രമും പുറത്തായതോടെ പവര്‍പ്ലേയില്‍ത്തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായി ഹൈദരാബാദ്. എന്നിരുന്നാലും ടീം റണ്‍സ് മികച്ചുതന്നെ നിന്നു-62/4. കരണ്‍ ശര്‍മയെറിഞ്ഞ എട്ടാം ഓവറില്‍ അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ടതോടെ (നിതീഷ് റെഡ്ഢി) ഹൈദരാബാദിന് തിരിച്ചുവരവ് വലിയ ബുദ്ധിമുട്ടായി. പത്താം ഓവറില്‍ അബ്ദുല്‍ സമദും (10) പുറത്തായി.
37 പന്തില്‍ 40* റണ്‍സെടുത്ത ഷഹ്ബാസ് അഹ്‌മദും 13 പന്തില്‍ 31 റണ്‍സെടുത്ത അഭിഷേക് ശര്‍മയും 15 പന്തില്‍ 31 റണ്‍സെടുത്ത പാറ്റ് കമിന്‍സും മാത്രമാണ് ഹൈദരാബാദ് നിരയില്‍ പറയത്തക്ക ഇന്നിങ്‌സ് കാഴ്ചവെച്ചത്.