88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്
രാജ്യത്തെ ആര് നയിക്കുമെന്ന് കണ്ടെത്താനുള്ള സുപ്രധാന തെരഞ്ഞടുപ്പിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുക. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തിൽ കേരളവും ഇന്ന് പോളിങ് ബൂത്തിലെത്തും. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്.
20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസും കേന്ദ്രസേനയും സുരക്ഷ ഒരുക്കും. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ശക്തമായ പ്രചാരണമാണ് 20 മണ്ഡലങ്ങളിലും രാഷ്‌ട്രീയ മുന്നണികൾ കാഴ്ച വച്ചത്. 194 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 2.77 കോടി വോട്ടർമാരാണ് ആകെയുള്ളത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങി നിരവധി പേരാണ് കേരളത്തിൽ പ്രചാരണത്തിനായി എത്തിയത്.
മണിപ്പൂരിലും രാജസ്ഥാനിലും ഇന്ന് പോളിംഗ് പൂർത്തിയാകും. മണിപ്പൂരിൽ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ഔട്ടർ മണിപ്പൂർ മണ്ഡലത്തിൽ മാത്രമായിരുന്നു രണ്ട് ഘട്ടങ്ങളിലാായി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ള ഏക സീറ്റ്. രാജസ്ഥാനിലെ 25 സീറ്റുകളിൽ 12സീറ്റുകൾ ഒന്നാം ഘട്ടത്തിൽ വിധിയെഴുതി. ഇന്ന് രാജസ്ഥാനിലെ വോട്ടെടുപ്പും പൂർത്തിയാകും.