തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ബിജെപി അന്തർധാരയെന്ന് ടി.എൻ.പ്രതാപൻ എംപി. ഒരു ബൂത്തിൽനിന്ന് സിപിഎമ്മിന്റെ 25 കേഡർ വോട്ട് വീതം ബിജെപിക്ക് നൽകാൻ ധാരണയായി എന്ന് അദ്ദേഹം ആരോപിച്ചു. വീണാ വിജയനെ സംരക്ഷിക്കാനും എ.സി.മൊയ്തീന്റെയും എം.കെ.കണ്ണന്റെയും അറസ്റ്റ് ഒഴിവാക്കാനുമായി 50,000 വോട്ട് ആണ് സിപിഎം തൃശൂർ മണ്ഡലത്തിൽ മറിച്ചുനൽകുകയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ വിഷയത്തിൽ സിപിഎമ്മിനകത്തു തന്നെ പൊട്ടിത്തെറി നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കലാശക്കൊട്ടിനു പലയിടങ്ങളിലും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പങ്കെടുക്കാതിരുന്നത് അതിന്റെ ഭാഗമാണ്. ഒരു ബൂത്തിൽ നിന്ന് 25 വോട്ട് വീതം മറിക്കുന്നതോടെ 31,875 വോട്ട് സിപിഎമ്മിൽ നിന്ന് ബിജെപിക്ക് ഒഴുകും.
പലയിടത്തും വ്യാജ വോട്ട് ചേർക്കാൻ ബിഎൽഒമാരുടെ സഹായം ലഭിച്ചതും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഫലമാണെന്നും പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ആയ ദീനദയാൽ സ്മൃതിമണ്ഡപം വിലാസമായി 8 വോട്ട് ചേർത്തിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലെ വിലാസത്തിൽ പാർലമെന്റ് മണ്ഡലത്തിനു പുറത്തുള്ള വോട്ടർമാരെ വ്യാപകമായി ചേർത്തിട്ടുണ്ട്.
ഇത്തരത്തിൽ 28,000 വോട്ടുകൾ ചേർക്കപ്പെട്ടു. സംഭവത്തിൽ ചീഫ് ഇലക്ടറൽ ഓഫിസർക്ക് ഇതുസംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജമായി വോട്ടർ പട്ടികയിൽ കയറിക്കൂടിയവരുടെ പേരുവിവരങ്ങൾ കോൺഗ്രസ് ബൂത്ത് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. ഇവർ ഇന്ന് ബൂത്തിൽ എത്തിയാൽ ചാലഞ്ച് ചെയ്യാനാണ് തീരുമാനം ഇംബിനും അദ്ദേഹം വ്യക്തമാക്കി.