തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം പോളിങ് ബൂത്തിലേക്കു പോകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി ബിജെപി പ്രവേശന വിവാദം. മുഖ്യമന്ത്രി പിണറായി വിജയനോളം തലപ്പൊക്കമുള്ള ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ച നടന്നതായി വെളിപ്പെടുത്തി മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ദിവസങ്ങൾക്കു മുൻപ് കൊളുത്തിവിട്ട തിരിയാണ് മുനിഞ്ഞുകത്തി ഇന്ന് പൊട്ടിത്തെറിച്ചത്. അതി നിർണായകമായ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ തൊട്ടുതലേന്ന് കോൺഗ്രസ്, സിപിഎം, ബിജെപി എന്നീ മൂന്നു പാർട്ടികളിലെയും മുതിർന്ന നേതാക്കൾ പങ്കാളികളായ ഈ രാഷ്ട്രീയ വിവാദം, വോട്ടിങ് പാറ്റേണിനെത്തന്നെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വോട്ടെടുപ്പിന്റെ തൊട്ടുതലേന്ന്, നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ് വൻ രാഷ്ട്രീയ കോളിളക്കങ്ങൾക്കു കാരണമായേക്കാവുന്ന ഈ വിവാദം കത്തിപ്പടർന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഇടതുമുന്നണി കൺവീനർ കൂടിയായ മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷനും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ രാവിലെ നടത്തിയ പ്രസ്താവനയാണ് വോട്ടെടുപ്പിന്റെ തലേന്ന് ഈ വിവാദം ഊതിക്കത്തിച്ചത്. ഇ.പിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഗൾഫിൽവച്ച് ചർച്ച നടന്നുവെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിനു ശേഷം പാർട്ടി സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിക്കാത്തതിൽ ഇ.പി ഖിന്നയിരുന്നുവെന്ന അഭ്യൂഹങ്ങളെ ചുറ്റിപ്പറ്റിയാണ് അദ്ദേഹവുമായി ബന്ധപ്പെട്ട ബിജെപി പ്രവേശന വിവാദത്തിനു വേരോട്ടമുണ്ടായത്. താരതമ്യേന തന്നേക്കാൾ ജൂനിയറായ എം.വി. ഗോവിന്ദന്റെ വരവിൽ ഇ.പിക്കുണ്ടായിരുന്ന അസ്വസ്ഥത മാധ്യമങ്ങളിൽ ദിവസങ്ങളോളം ചർച്ചാവിഷയമായിരുന്നു.
ബിജെപിയുമായി ചർച്ച നടത്തിയെങ്കിലും, പാർട്ടിയിൽനിന്നു ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹം പിന്തിരിഞ്ഞതെന്നായിരുന്നു സുധാകരന്റെ ആരോപണത്തിന്റെ രത്നച്ചുരുക്കം. ഈ ചർച്ചകൾക്കു മധ്യസ്ഥത വഹിച്ചയാളെ അറിയാമെന്നും, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ശോഭ സുരേന്ദ്രനുമാണ് ഇ.പിയുമായി ചർച്ച നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനൊപ്പമാണ്, പാർട്ടി സെക്രട്ടറി സ്ഥാനം കിട്ടാത്തതിൽ ജയരാജൻ നിരാശയിലാണെന്ന ചൂണ്ട കൂടി സുധാകരൻ ഇട്ടുവച്ചത്.
അപകടം മണത്ത ഇ.പി. ജയരാജൻ സുധാകരന്റെ ആരോപണങ്ങൾ തള്ളിയെന്നു മാത്രമല്ല, ബിജെപി പ്രവേശനത്തിന്റെ അപകടമുന അദ്ദേഹത്തിനു നേരെ തിരിച്ചുവയ്ക്കുകയും ചെയ്തു. അമിത് ഷായുമായും ബിജെപി നേതാക്കളുമായും ബന്ധപ്പെടാനുള്ള നടപടികൾ സ്വീകരിച്ചതായി മുൻപ് സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിൽ ബിജെപിക്കെതിരെ പൊരുതിനിന്ന തന്റെ ചരിത്രം കൂടി അദ്ദേഹം ഓർമിപ്പിച്ചു. അങ്ങനെയുള്ള തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സാധാരണ കഴിക്കുന്ന മരുന്നു കഴിക്കാത്തതിന്റെ കുഴപ്പമാണ് സുധാകരനെന്ന് പരിഹസിക്കുകയും ചെയ്തു.
ഇതിനിടെ ജയരാജനെ ന്യായീകരിച്ചും സുധാകരനെ പ്രതിക്കൂട്ടിലാക്കിയും വിവാദ ദല്ലാൾ ടി.പി. നന്ദകുമാർ രംഗത്തെത്തി. ഇ.പി. ജയരാജനെ സമീപിച്ചത് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറാണെന്നും, അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്ക് ജയരാജൻ വഴങ്ങിയില്ലെന്നുമായിരുന്നു ‘ദല്ലാളി’ന്റെ വെളിപ്പെടുത്തലുകളുടെ രത്നച്ചുരുക്കം. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ ലാവ്‍ലിൻ കേസടക്കമുള്ളവ പിൻവലിക്കാമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്താൻ എൽഡിഎഫിനെ സഹായിക്കാമെന്നും ജാവഡേക്കർ ഇ.പിയോടു പറഞ്ഞു. ജയരാജൻ അതിനു സമ്മതിച്ചില്ല. ജാവഡേക്കർ കേരളത്തിന്റെ പ്രഭാരിയായിരിക്കുമ്പോഴാണ് തന്നെയും ജയരാജനെയും തിരുവനന്തപുരത്തു വന്നു കണ്ടത്. സുധാകരൻ ബിജെപിയില്‍ പോകാനും അവരുടെ സംസ്ഥാന പ്രസിഡന്റാകാനും തീരുമാനിച്ചിരുന്നുവെന്നു കൂടി നന്ദകുമാർ പറഞ്ഞു.
ഇതിനെല്ലാം ഒടുവിലാണ്, ഉച്ചയ്ക്കു ശേഷം വിളിച്ചുച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്ന ‘പിണറായിയുടെ തലപ്പൊക്കമുള്ള കമ്യൂണിസ്റ്റ് നേതാവ്’ ഇ.പിയാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചത്. ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ജയരാജൻ 90 ശതമാനം ചർച്ചയും പൂർത്തിയായിരുന്നതായി ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തി. പാർട്ടി ക്വട്ടേഷൻ ഭയന്നാണ് അദ്ദേഹം ബിജെപിയിൽ ചേരാതിരുന്നതെന്നും ശോഭ പറഞ്ഞു.
ഇ.പി.ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ജയരാജന്റെ മകൻ വാട്സ് ആപ്പിലൂടെ മെസേജ് അയച്ചു. ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിൽ നിന്നു ജയരാജൻ പിന്മാറിയതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. ജയരാജൻ ജീവനോടെ ഉണ്ടായിരിക്കണമെന്ന് തനിക്ക് ആഗ്രമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇത്രയും നാൾ വെളിപ്പെടുത്താതെയിരുന്നത്. ഡൽഹിയിൽ വച്ചാണ് ജയരാജനുമായി ചർച്ച നടത്തിയത്. ദല്ലാൾ നന്ദകുമാറാണ് തനിക്ക് ഡൽഹിക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നൽകിയത്. ബിജെപിയിൽ ചേരണം എന്ന ആഗ്രഹവുമായി തലയെടുപ്പുള്ള ഏതു നേതാക്കൾ വന്നാലും അവരെ സ്വീകരിക്കും. ബിജെപിയിലേക്ക് ആളെ ചേർക്കാനുള്ള അഞ്ചംഗ കേന്ദ്ര കമ്മിറ്റിയിലെ ഒരംഗമാണ് താൻ. ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ എട്ടു സംസ്ഥാനങ്ങളുടെ ചുമതലയുള്ള തനിക്ക് കേന്ദ്ര കമ്മിറ്റി അധികാരം നൽകിയിട്ടുണ്ടെന്നും ശോഭ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ച നടത്തിയ സിപിഎം നേതാവ് ഇ.പി. ജയരാജനാണെന്ന് രാവിലെ കെ.സുധാകരൻ ഉന്നയിച്ച ആരോപണം, വൈകിട്ടോടെ ശോഭ സുരേന്ദ്രൻ തന്നെ ശരിവച്ചതാണ് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ കണ്ടത്. ദല്ലാൾ നന്ദകുമാർ ഇന്ന് ഉന്നയിച്ച ആരോപണങ്ങളും ശോഭ സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിനു കാരണമായിട്ടുണ്ടാകാമെന്ന് സ്വാഭാവികമായും അനുമാനിക്കാം. ഈ ആരോപണ പ്രത്യാരോപണങ്ങൾ നാളത്തെ വോട്ടെടുപ്പിനെ ഏതു വിധത്തിൽ ബാധിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതിനുള്ള ഉത്തരം വ്യക്തമാകാൻ കുറഞ്ഞ പക്ഷം ജൂൺ നാലു രെയെങ്കി