സിദ്ധാർഥന്റെ മരണം: കോടതിയിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ച് സിബിഐ

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ച് സിബിഐ. പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ള 20 പ്രതികളെ നിലനിർത്തിയാണ് അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. കേസിലെ ഒരു പ്രതിക്കെതിരെ അന്വേഷണം തുടരുന്നുണ്ട്. കഴിഞ്ഞ ആറിനാണു സിബിഐ അന്വേഷണം ഏറ്റെടുത്തത്. റിമാൻഡിലുള്ള പ്രതികൾക്കു സ്വാഭാവിക ജാമ്യം ലഭിക്കുന്നതു തടയാനാണു സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. എസ്പി എം. സുന്ദർവേലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഗൂഢാലോചനാ കേസിൽ അന്വേഷണം തുടരും.

സംഭവത്തിൽ കൊലക്കുറ്റം ഇതുവരെ തെളിയാത്ത സാഹചര്യത്തിൽ കുറ്റപത്രം വൈകിയാൽ 60 ദിവസം പിന്നിടുമ്പോൾ റിമാൻഡിലുള്ള മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിക്കും. കേസിലെ ആദ്യ അറസ്റ്റുകൾ നടന്നിട്ട് 27ന് 60 ദിവസം പിന്നിടും. ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്.

തുടരന്വേഷണത്തിൽ കൊലക്കുറ്റം തെളിഞ്ഞാൽ കുറ്റുപത്രം പുതുക്കി സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. അന്വേഷണത്തിൽ കൂടുതൽ പേർക്കെതിരെ തെളിവു ലഭിച്ചാൽ പ്രതിപ്പട്ടികയും പുതുക്കും. കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള സിജെഎം അവധിയായതിനാൽ കുറ്റപത്രം പരിശോധിച്ചു ഫയലിൽ സ്വീകരിച്ചിട്ടില്ല.