ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ ബിജെപിക്കും കോൺഗ്രസിനും തിരഞ്ഞെടുപ്പു കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസയച്ചു. 29ന് രാവിലെ 11 മണിക്കകം വിശദീകരണം നൽകാനാണ് നിർദേശം, പറഞ്ഞതിന്റെ ഉത്തരവാദിത്തം പ്രസംഗിച്ചവർക്കാണെങ്കിലും ഓരോ കേസിന്റെയും സാഹചര്യം പരിഗണിച്ച് പാർട്ടികൾക്ക് നോട്ടിസ് അയയ്ക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം. കൂടുതൽ ചോദ്യങ്ങൾക്ക് കമ്മിഷൻ മറുപടി നൽകിയില്ല.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്വത്തുക്കൾ പിടിച്ചെടുത്ത് മുസ്‌ലിംകൾക്കു വീതം വയ്ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ബൻസ്വാഡയിൽ പ്രസംഗിച്ചതിനെതിരെ കോൺഗ്രസ്, സിപിഐ, സിപിഐ (എംഎൽ) എന്നിവ നൽകിയ പരാതിയിലാണ് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കു ജനപ്രാതിനിധ്യ നിയമപ്രകാരം കാരണം കാണിക്കൽ നോട്ടിസ് അയച്ചത്.
ബിജെപി ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം’ എന്ന നയം നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നു കോട്ടയത്തും തമിഴ് ഭാഷയെയും സംസ്കാരത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നു കോയമ്പത്തൂരിലും രാഹുൽ ഗാന്ധി പറഞ്ഞതിനെതിരെയാണ് കോൺഗ്രസിന് നോട്ടിസ്. ദലിതനായതുകൊണ്ട് രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ തന്നെ ക്ഷണിച്ചില്ലെന്നും ബിജെപി ഭരണഘടന മാറ്റാൻ ശ്രമിക്കുന്നുവെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞതിനെതിരെയാണു മറ്റൊരു നോട്ടിസ്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസ് അയയ്ക്കുന്നത് ഇതാദ്യമാണ്.