ഇസ്തംബുൾ / ഗാസ: സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവിൽവന്നാൽ വെടിനിർത്താമെന്ന് ഹമാസ് രാഷ്ട്രീയ നേതാവ് ഖലീൽ അൽഹയ്യ വാഗ്ദാനം ചെയ്തു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമായാൽ ഹമാസ് ആയുധം താഴെ വച്ച് പൂർണമായും രാഷ്ട്രീയ പാർട്ടിയായി പരിവർത്തനം ചെയ്യുമെന്നും തുർക്കിയിൽ അസോഷ്യേറ്റഡ് പ്രസ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അൽഹയ്യ പറഞ്ഞു. 5 വർഷമോ അതിൽക്കൂടുതലോ ഇസ്രയേലുമായി വെടിനിർത്തലിനു തയാറാണെന്നാണ് ഹമാസ് നേതാവ് വ്യക്തമാക്കിയത്.
ഇതിനിടെ, ശേഷിക്കുന്ന ബന്ദികളെയും വിട്ടയച്ച് ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് യുഎസ് ഉൾപ്പെടെ 18 രാജ്യങ്ങൾ ഹമാസിനോട് ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളിൽ പൗരത്വമുള്ള ബന്ദികളും ഹമാസിന്റെ പിടിയിലുണ്ട്. ഇതേസമയം, തെക്കൻ ഗാസയിലെ റഫ ആക്രമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുതന്നെയാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇപ്പോൾ അവിടെയുള്ള പലസ്തീൻകാരെ ഒഴിപ്പിച്ച് മറ്റൊരിടത്ത് താമസിപ്പിക്കാനായി 40,000 ടെന്റുകൾ വാങ്ങിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവ് അറിയിച്ചു.
റഫയിൽനിന്ന് 5 കിലോമീറ്റർ അകലെ ഖാൻ യൂനിസിൽ ഇത്തരം ടെന്റുകൾ വരിവരിയായി വച്ചിരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. നെതന്യാഹു അനുമതി നൽകുന്ന നിമിഷം റഫയിൽ സൈന്യമിറങ്ങുമെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥരുടെ നിലപാട്. റഫയിൽ ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു.