കോഴിക്കോട്: ഇരുമുന്നണികളിലെയും അസംതൃപ്തരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ജൂണ്‍ 4 കഴിയുമ്പോള്‍ പ്രതീക്ഷിക്കാത്ത പലരും എന്‍ഡിഎയില്‍ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്‍ഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജനുമായുള്ള പ്രകാശ് ജാവഡേക്കറിന്റെ ചര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്നും സുരേന്ദ്രൻ.
വയനാട്ടില്‍ രാഹുലിന് വിട പറയാന്‍ ജനങ്ങള്‍ തയാറെടുത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധിയെ യാത്രയയ്ക്കാനും അദ്ദേഹത്തോടു യാത്ര പറയാനും എല്ലാവരും തയാറായിരിക്കുകയാണ്. ബൈ ബൈ രാഹുൽ, വെൽകം മോദി എന്നാണ് അവിടെ എല്ലാവരും പറയുന്നത്. ‘ക്വിറ്റ് രാഹുൽ’ എന്ന് ജനം പറയുമ്പോൾ, കിറ്റിനേക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നത്.
ഇരു മുന്നണികളിലെയും പല പ്രമുഖരും പാർട്ടിയിലേക്കു വരും. ഇപ്പോൾ നിങ്ങൾ കെ.സുധാകരൻ, ഇ.പി.ജയരാജൻ തുടങ്ങിയ പേരുകൾ മാത്രമേ കേൾക്കുന്നുള്ളൂ. ഒരിക്കലും ബിജെപിയിൽ ചേരില്ലെന്ന് നിങ്ങൾ കരുതുന്ന പല കക്ഷികളുടെയും നേതാക്കൾ ബിജെപിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ജൂൺ നാലിനു ശേഷം കൂട്ടത്തോടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലെ പല പ്രമുഖരും ബിജെപിയിൽ ചേരും.
അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഇത് മാറ്റത്തിന്റെ കാറ്റു വീശുന്ന തിരഞ്ഞെടുപ്പാണെന്ന്. പ്രധാനമന്ത്രിയുടെ വികസന അജന്‍ഡയ്ക്ക് ജനം വോട്ട് ചെയ്യും. ഇടത്, വലത് മുന്നണികളുടെ മത്സരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. എല്ലാ തലത്തിലും ബിജെപി പ്രവേശന ചർച്ചകൾ നടക്കുന്നുണ്ട്. എൽഡിഎഫിലെയും യുഡിഎഫിലെയും അസംതൃപ്തരായ പല പ്രമുഖരും ചർച്ച നടത്തുന്നുണ്ട്.
ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ കേൾക്കുന്ന അഭ്യൂഹങ്ങളെല്ലാം യുഡിഎഫ് പ്രചരിപ്പിക്കുന്നതാണ്. വിശ്വാസ്യതയുള്ള ആരെങ്കിലും പറഞ്ഞാലല്ലേ വിശ്വസിക്കേണ്ടതുള്ളൂ.’’ – സുരേന്ദ്രൻ പറഞ്ഞു. ‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ജനം വോട്ടു ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പാണിത്.
ഒരുപക്ഷേ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ജനം ഒന്നടങ്കം പ്രധാനമന്ത്രി മോദിയുടെ വികസന അജൻഡയ്ക്ക് അനുകൂലമായി തികച്ചും പോസിറ്റീവായി വോട്ടു ചെയ്യുകയാണ്. ഇരു മുന്നണികളോടും കേരളത്തിലെ ജനത്തിന് ശക്തമായ രോഷമുണ്ട്. നല്ല രീതിയിൽ സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. അത് യുഡിഫിന് ഗുണം ചെയ്യില്ല.