‘മാമുക്കോയ’: ഹാസ്യസുൽത്താന്റെ ഓർമകൾക്ക് ഒരു വർഷം

2023 ഏപ്രിൽ 26, ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ തന്റേതായ ഇടം കണ്ടെത്തിയ ചലച്ചിത്രനടൻ മാമുക്കോയ സിനിമാലോകത്തുനിന്നും വിടപറഞ്ഞ ദിനം. മലയാളികൾക്ക് എന്നും ഓർത്തുവെക്കാൻ മനസ്സിൽ ചേക്കേറിയ ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് മാമുക്കോയ വിടപറഞ്ഞത്. കോഴിക്കോടൻ ഭാഷയുടെ തനതായ ശൈലിയെ ജനകീയമാക്കിയ നടൻ കൂടിയാണ് മാമുക്കോയ. കുതിരവട്ടം പപ്പു അതിന് മുന്‍പ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയെ ജനപ്രിയനാക്കിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളായ മാമുക്കോയ നാടകരംഗത്തു നിന്നുമാണ് സിനിമയിലേക്ക് കടന്നുവരുന്നത്.

1946-ല്‍ ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് മാമുക്കോയ ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കോഴിക്കോട് എം. എം. ഹൈസ്‌കൂളിലാണ് പത്താംക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്തു തന്നെ സ്‌കൂളില്‍ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. അതോടൊപ്പം നാടകവും ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മലബാര്‍ ഭാഗത്തെ ഭാഗത്തെ നിരവധി നാടക- സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദമുണ്ടായിരുന്നു. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു.

1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയയുടെ സിനിമയിലേക്കുള്ള വരവ്. ആ ചിത്രത്തിൽ ഒരു നിഷേധിയെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ചു വർഷത്തിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ‘സുറുമയിട്ട കണ്ണുകൾ’ എന്ന സിനിമയിൽ അഭിനയിച്ചു.

സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയയ്ക്കു ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. സ്കൂൾ പശ്ചാത്തലത്തിലുള്ള കഥയിൽ അറബി മുൻഷിയുടെ വേഷമായിരുന്നു മാമുക്കോയയ്ക്ക്. സ്ക്രിപ്റ്റിൽ രണ്ടുമൂന്നു സീൻ മാത്രമുള്ള കഥാപാത്രം. എന്നാൽ ആ സീനുകളിൽ മാമുക്കോയയുടെ പ്രകടനം വിസ്മയപ്പെടുത്തിയതോടെ കഥാപാത്രത്തിന്റെ സീൻ കൂട്ടി. അങ്ങനെ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി. ഈ സിനിമയ്ക്കു ശേഷം കല്ലായിയിലെ പണിക്കും നാടകാഭിനയത്തിനുമൊന്നും പോകേണ്ടി വന്നില്ലെന്ന് പിന്നീട് മാമുക്കോയ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായിരുന്നു മാമുക്കോയ. നാടോടിക്കാറ്റിലെ ഗഫൂർ, സന്ദേശത്തിലെ എകെ പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരന്‍, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ തുടങ്ങിയ കഥാപാത്രങ്ങളെ മലയാള സിനിമ നിലനില്‍ക്കുന്നിടത്തോളം കാലം മലയാളികള്‍ ഓർക്കും എന്നതിൽ സംശയമില്ല.

2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.

പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായും മാമുക്കോയ തിരഞ്ഞെടുക്കപ്പെട്ടു. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്.

തെറി പറയുന്നത് മോശമായി കാണുന്ന ഒരു സമൂഹത്തിന് മുന്നില്‍ നിന്ന്.. മോനെ ബാലകൃഷ്ണാ… കള്ള നായിന്റെ മോനെ എന്ന് മാമുക്കോയ വിളിച്ചപ്പോള്‍ മലയാളികള്‍ അത് കേട്ട് ചിരിച്ചു. അത് പിന്നീട് പല സിനിമകളിലും ആവർത്തിക്കപ്പെടുന്നതും നാം കണ്ടു. സിനിമയ്ക്ക് അപ്പുറം കൃത്യമായ നിലപാടുകള്‍ ഉള്ള വ്യക്തിയായിരുന്നു മാമുക്കോയ. മരിക്കുവോളം തന്റെ നിലപാടുകളില്‍ വെള്ളം ചേർക്കാന്‍ മാമുക്കോയ എന്ന വ്യക്തി തയ്യാറായിരുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.