പാലക്കാട് : ബിജെപിയിൽ ചേരാനായി കേരളത്തിലെ ഏഴോളം പ്രമുഖ നേതാക്കൾ ചർച്ച നടത്തിയെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ബിജെപി യിൽ ചേരാൻ ആഗ്രഹിച്ചതെന്നും, സ്വന്തം പ്രസ്ഥാനത്തിനേക്കാളും ശരിയെന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് പലരും ബിജെപിയിലെത്തുന്നതെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
പാലക്കാട് ആലത്തൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ. രാജ്യത്തിന്റെ ഭരണ തലപ്പത്ത് അമിത് ഷാ ഉള്ളതുകൊണ്ടാണ് പിണറായി വിജയനും കൂട്ടരും കൊലക്കത്തി താഴെ വയ്‌ക്കാൻ തയ്യാറായത്. ഒരുപാട് ആളുകളെ ബലിദാനികളാക്കേണ്ടി വന്ന മണ്ണാണ് കണ്ണൂർ.
കേരളത്തിലാകമാനം അത് സംഭവിച്ചിട്ടുണ്ട്. ഭീകരവാദികളുടെ പിറകിൽ നിന്ന് കൊണ്ട് അവരുടെ സഹായത്തോടെ ആലപ്പുഴയിലെ നന്ദു, രൺജിത് ശ്രീനിവാസൻ തുടങ്ങി നിരവധി പേരെയാണ് കൊലപ്പെടുത്തിയത്. ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫിന്റെ കൊടിക്കൊപ്പം പിഡിപിയുടെ കൊടിയും ഉണ്ടായിരുന്നുവെന്നും ശോഭ ആരോപിച്ചു.
എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ബിജെപി യിൽ ചേരാൻ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് മറ്റു നേതാക്കളും ഇത്തരത്തിൽ ബിജെപിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു എന്ന വിവരം കൂടി പുറത്തു വരുന്നത്. ഇത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെക്കും എന്നത് ഉറപ്പാണ്.