അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധിയും സ്ഥാനാര്‍ത്ഥികള്‍ ആകണമെന്ന കോണ്‍ഗ്രസ്സിന്റെ മനക്കോട്ടയ്ക്കപ്പുറം ബി.ജെ.പി ഒരുക്കുന്ന വാരിക്കുഴിക്ക് ആഴം കൂടുകയാണ്. അമേഠിയില്‍ രാഹുല്‍ മത്സരിക്കുന്നതിനെ കുറിച്ച് പുനരാലോചന നടക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട വദ്ര അമേഠിയില്‍ മത്സരിക്കാന്‍ ഖദറിട്ടു കഴിഞ്ഞു. ഇതോടെ കോണ്‍ഗ്രസ്സിന്റെ തലവേദന ഇരട്ടിച്ചു. അമേഠിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി എതിരാളിക്കു വേണ്ടി കാത്തിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചാണ് സ്മൃതി കേന്ദ്രമന്ത്രിയായത്. രാഹുലിന് താഴെയേ മറ്റേതൊരു സ്ഥാനാര്‍ത്ഥിയുമുള്ളൂ എന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍. എന്നാല്‍, റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധിക്ക് എതിരാളി ഉണ്ടാകുമോ എന്നതായിരുന്നു അടുത്ത ആശങ്ക. ബി.ജെ.പിയുടെ വാരിക്കുഴി ഇവിടെയാണ് തളിഞ്ഞു കണ്ടത്. ഗാന്ധി കടുംബത്തില്‍ നിന്നുള്ളവരെ ഗാന്ധി കുടുംബത്തിലുള്ളവര്‍ തന്നെ നേരിടട്ടെ എന്ന സ്ട്രാറ്റജി. മുള്ളിനെ മുള്ളു കൊണ്ടു തന്നെ എടുക്കുക എന്ന നിലപാട്.
പ്രിയങ്കാ ഗാന്ധിക്ക് എതിരാളിയായി ബി.ജെ.പി കണ്ടെത്തിയത് മേനകാ ഗാന്ധിയുടെ മകന്‍ വരുണ്‍ഗാന്ധിയെയാണ്. എന്നാല്‍, വരുണ്‍ ഗാന്ധി ഇതിന് സമ്മതം അറിയിച്ചിട്ടില്ലെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ 2004 മുതല്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എന്നാല്‍, കുടുംബപ്പോരിന് താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് വരുണ്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
പ്രിയങ്ക ഗാന്ധി ഈ സീറ്റില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഉറപ്പിക്കുന്നുണ്ട്. അമ്മയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയാണ് 2004 മുതല്‍ റായ്ബറേലി സീറ്റില്‍ മത്സരിക്കുന്നത്. സോണിയാഗാന്ധി ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് റായ്ബറേലിയില്‍ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. റായ്ബറേലിയില്‍ പ്രിയങ്കയെ ഇറക്കിയേക്കുമെന്ന ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെ ബി.ജെ.പി വരുണ്‍ഗാന്ധിയെ സമീപിച്ചു. എന്നാല്‍, ‘ഗാന്ധി വേഴ്‌സസ് ഗാന്ധി’ എന്ന മത്സര സാഹചര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ആഗ്രഹമെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.
പിലിഭിത്തില്‍ നിന്നുള്ള സിറ്റിംഗ് എംപിയാണ് വരുണ്‍ ഗാന്ധി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പിലിഭിത് തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കി മുന്‍ മന്ത്രി ജിതിന്‍ പ്രസാദയെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. തുടര്‍ന്ന്, താന്‍ പിലിഭിത്തിന്റെ മകനായി തുടരുമെന്ന് വരുണ്‍ ഗാന്ധി പിലിഭിത്തിലെ ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതുകയും ചെയ്തു. അദ്ദേഹത്തിന്റെ അമ്മ, ദീര്‍ഘകാലം പാര്‍ലമെന്റംഗമായിരുന്ന മേനക ഗാന്ധിയെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്ന് ബിജെപി വീണ്ടും മത്സരിപ്പിച്ചു.
റായ്ബറേലിയില്‍ ആരാണ് ഗാന്ധിമാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുക എന്നറിയാന്‍ ബിജെപി നിരവധി സര്‍വേകളും നടത്തിയിരുന്നു. 2004ല്‍ സോണിയ ഗാന്ധി പ്രതിനിധീകരിക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ഈ സീറ്റ് കോണ്‍ഗ്രസിന്റെ കോട്ടയാണ്. റായ്ബറേലി സീറ്റ് വിജയിച്ച ശേഷം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1967 മുതല്‍ 1984 വരെ പലതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അരുണ്‍ നെഹ്റു, ഷീല കൗള്‍ എന്നിവരുള്‍പ്പെടെ നെഹ്റു-ഗാന്ധി കുടുംബത്തിലെ മറ്റ് അംഗങ്ങളും റായ്ബറേലി ലോക്സഭാ സീറ്റില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2014 മുതല്‍ സോണിയ ഗാന്ധിയുടെ വോട്ട് വിഹിതം കുറയുകയാണ്. 2009ലെ ഫലത്തെ അപേക്ഷിച്ച് 2014ല്‍ വോട്ട് വിഹിതത്തില്‍ 8.43 ശതമാനമാണ് ഇടിവുണ്ടായത്. 2019ല്‍ അത് 8 ശതമാനമായി കുറഞ്ഞു. ഇത് ബിജെപിക്ക് ധൈര്യം പകരുന്നിട്ടുണ്ട്.
റായ്ബറേലിയിലെ സദര്‍ എംഎല്‍എ അദിതി സിംഗിന്റെ കൂറുമാറ്റത്തില്‍ തുടങ്ങി കുറച്ചുകാലമായി റായ്ബറേലിയിലെ കോണ്‍ഗ്രസ് സംഘടനയെ തകര്‍ക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നു. 2021ല്‍ കോണ്‍ഗ്രസ് വിട്ട് അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. അതേസമയം, ഏപ്രില്‍ 30ന് മുമ്പ് റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ത്ഥികളെ കുറിച്ച് പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്.
ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനായി പാര്‍ട്ടി കാത്തിരിക്കുകയാണ്. അമേഠി, റായ്ബറേലി എന്നിവിടങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗാന്ധി കോട്ടയായ അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനി അധികാരം പിടിച്ചെടുത്തതോടെ എതിരളിയില്ലാത്ത ഗാന്ധി വിജയം അമേഠിയില്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു.