കൊച്ചി: ബൂത്ത് നമ്പർ 132 ൽ കള്ളവോട്ട് ചെയ്തെന്ന് ആരോപണം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി കാട്ടാശ്ശേരിൽ വീട്ടിലെ തങ്കമ്മയുടെ വോട്ടാണ് മറ്റാരോ ചെയ്തത്.
രാവിലെ 10.30നു മുൻപായി ഇവരുടെ വോട്ട് മറ്റാരോ ചെയ്തു പോയി എന്നാണ് കരുതുന്നത്. വിവരം പുറത്തുവന്നതോടെ സ്ഥലത്ത് ബഹളമായി. തന്റെ വോട്ട് മറ്റാരോ ചെയ്തെന്നും ഇതു ചെയ്തത് ആരാണെന്ന് കണ്ടെത്തണമെന്നും തങ്കമ്മ പറഞ്ഞു.
പിന്നീട് വിവിധ പാർട്ടികളുടെ പ്രവർത്തകരും മറ്റും ഇടപെട്ടതോടെ പകരം വോട്ടു ചെയ്യാനുള്ള സംവിധാനം ശരിയാക്കി നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സിസിടിവി ഉള്ളതിനാൽ ആരാണ് കള്ളവോട്ട് ചെയ്തത് എന്ന് കണ്ടെത്താൻ പറ്റിയേക്കും എന്നാണ് പ്രതീക്ഷ.