ഫ്രൈ ചെയ്തും കറി വച്ചുമെല്ലാം കഴിയ്ക്കാം. എന്നാൽ ഇന്നൊരു വെറൈറ്റി ആയാലോ? നാളികേരപ്പാല്‍ ചേര്‍ത്ത് ഊണിന് പറ്റിയൊരു കറി തയ്യറാക്കാം. സാധാരണ ചിക്കൻ മപ്പാസ്, താറാവ് മപ്പാസ് എന്നൊക്കെയല്ലേ കേട്ടിട്ടുള്ളത്. എന്നാൽ ഒരു വെണ്ടയ്ക്ക മപ്പാസ് തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- വെണ്ടയ്ക്ക-അരക്കിലോ
- സവാള-2
- ചുവന്നുള്ളി-5
- തേങ്ങാപ്പാല്‍-അര മുറി തേങ്ങയുടെ
- പച്ചമുളക്-4
- മുളകുപൊടി-1 ടീസ്പൂണ്‍
- മല്ലിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
- ഗരം മസാല-1 ടീസ്പൂണ്‍
- ചുവന്ന മുളക്-2
- കടുക്-1 ടീ സ്പൂണ്
- ഉപ്പ്
- കറിവേപ്പില
- വെളിച്ചെണ്ണ
തയ്യറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ വെളച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് അല്‍പം നീളത്തില്‍ കഷ്ണങ്ങളായി വെണ്ടയ്ക്ക മുറിച്ചിടുക. സവാളയും ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ വഴറ്റുക. മസാലപ്പൊടികളും ഉപ്പും പച്ചമുളകും ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ചെടുക്കണം. തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് വേവിയ്ക്കണം. ഒരുവിധം വെന്തു പാകമാകുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ വാങ്ങി വയ്ക്കുക. കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടാം. ചോറിനൊപ്പം കഴിയ്ക്കാവുന്ന സ്വാദിഷ്ടമായ കറിയാണിത്.