അടുത്തിടെയാണ് ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു നേരെ അജ്‍ഞാതരുടെ വെടിവയ്പ്പ് ഉണ്ടായത്. രണ്ടുപേർ മോട്ടോർ സൈക്കിളിൽ എത്തി താരത്തിന്റെ ബാന്ദ്രയിലെ വീടിനുനേർക്കു വെടിയുതിർക്കുകയായിരുന്നു. പെട്ടെന്ന് ഇരുവരും സ്ഥലത്തുനിന്നു രക്ഷപെടുകയും ചെയ്തിരുന്നു.
സൽമാൻ ഖാന്റെ സഹോദരനായ അർബാസ് ഖാനോട് ഒരു ഇൻഡ്യൻ മാധ്യമം അഭിമുഖത്തിനിടെ ഈ സംഭവത്തെക്കുറിച്ചു ചോദിച്ചിരുന്നു. സൽമാനും കുടുംബവും ‘വധഭീഷണി’യെ തുടർന്ന് ഗാലക്‌സി അപ്പാർട്ട്‌മെൻ്റിൽ നിന്ന് മാറാൻ പദ്ധതിയിടുകയാണോ എന്നാണ് അർബാസിനോട് ചോദിച്ചത്. പിതാവും മുതിർന്ന ഗാനരചയിതാവുമായ സലിം ഖാനും സഹോദരൻ സൽമാനും വർഷങ്ങളായി അവിടെയാണ് താമസിക്കുന്നതെന്നും സ്ഥലമാറ്റം ഒരിക്കലും യാഥാർഥ്യത്തെ മാറ്റില്ലെന്നും അർബാസ് വ്യക്തമാക്കി. ഈ ഒരു സംഭവത്തെ ഭയന്നു മറ്റൊരു സ്ഥലത്തേയ്ക്ക് മാറുകയാണെങ്കിലും ഇനിയും ഇതേരീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടാകില്ല എന്നതിന് എന്ത് ഉറപ്പാണുള്ളതെന്ന് അർബാസ് പറയുന്നു.
ഈ സംഭവത്തെ ഭയന്ന് വീടിനുള്ളിൽ ഇരിക്കാനും പറ്റില്ല എന്ന് അർബാസ് പറയുന്നു. കൃത്യമായ മുൻകരുതലുകൾ എടുത്തു, സർക്കാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടു വീടിനു പുറത്തിറങ്ങണം. ജീവിതം കഴിയുന്നത്ര സാധാരണ രീതിയിൽ ജീവിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അർബാസ് വ്യക്തമാക്കി.
സൽമാൻ്റെ വസതിക്ക് പുറത്ത് വെടിയുതിർത്ത സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് മുംബൈ പോലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. നേരത്തെ, ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിക്കും സഹോദരൻ അൻമോൽ ബിഷ്‌ണോയിക്കുമെതിരെ ശക്തമായ തെളിവുകൾ മുംബൈ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. അൻമോളും ലോറൻസും പ്രതികളായ സൽമാൻ്റെ വീടിന് നേരെ വെടിയുതിർത്ത കേസിൽ നാല് പേർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു.