ഇസ്രായേൽ സൈന്യം കൈയേറ്റം നടത്തിയിരുന്ന ആശുപത്രിയുടെ വളപ്പിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിച്ചത് കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി യുഎസ്. ഇതിൽ വിശദീകരണം വേണമെന്ന് വൈറ്റ്ഹൗസ് സുരക്ഷാ സമിതി വക്താവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. ഈ സംഭവം സുതാര്യമായി അന്വേഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ്സിൽ ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് പ്രതികരണം വന്നിരിക്കുന്നത്.തെക്കൻഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയിലാണ് കുട്ട കുഴിമാടം കണ്ടെത്തിയത്. ഇതിനകത്ത് 340ലേറെ മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്. അൽശിഫ ആശുപത്രിവളപ്പിലും രണ്ടു കുഴിമാടങ്ങളിൽനിന്ന് 30-ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. രണ്ട് ആശുപത്രികളും ആഴ്ചകളോളം ഇസ്രായേൽ സൈന്യത്തിന്റെ പിടിയിലായിരുന്നു. ഇവർ സ്ഥലം വിട്ടുപോയപ്പോഴാണ് കുഴിമാടങ്ങൾ കണ്ടെത്തിയത്.