തിരുവമ്പാടി : വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു. കൂടരഞ്ഞി കക്കാടംപൊയിലിൽ ആണ് സംഭവം. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് പൂർണമായും കത്തിനശിച്ചത്. കക്കാടംപൊയിലിലെ താഴെ കക്കാട് പാമ്പുംകാവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
കാറിന്റെ മുൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട ഉടനെ കാർ നിർത്തി ഉള്ളിലുണ്ടായിരുന്നവർ പുറത്തിറങ്ങിയാൽ വൻ ദുരന്തം ഒഴിവായി. അൽപസമയത്തിനകം കാർ പൂർണമായും കത്തിനശിക്കുകയായിരുന്നു. മുക്കത്തുനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കക്കാടംപൊയിലിലെ 94-ാം ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനിടെയായിരുന്നു സംഭവം.
അതേസമയം, കോട്ടയത്ത് ഈരാറ്റുപേട്ട വട്ടക്കയത്ത് എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്. അപകടത്തിൽ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ, ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. തൊടുപുഴ ഭാഗത്ത് നിന്ന് പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
രാവിലെ ഒൻപതുമണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരിൽ നാല് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.