ചുട്ടുപൊള്ളുന്ന ചൂടുകാലത്ത് ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ് മുഖത്ത് ആ പ്രശ്നങ്ങൾ കാണിച്ചുതുടങ്ങിയാൽ എന്തുചെയ്യും അല്ലെ? ചൂടുകാലത്ത് മുഖസംരക്ഷണം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ചൂടുകാലത്ത് മുഖവും ചൂടാവുമ്പോൾ ഒന്ന് തണുപ്പിച്ച് കൊടുത്താൽ മതി, ചുമ്മാ തണുപ്പിക്കുകയല്ല മുഖത്തിന്റെ ആരോഗ്യവും നോക്കണം.
അതിനായി വീട്ടിൽ ഇരുന്നു തന്നെ നമ്മുക് ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും മുഖത്തെ സംരക്ഷിക്കാം. നമ്മുടെ ചർമ്മത്തിന് കൂളിങ്ങ് ഇഫക്റ്റ് നൽകുന്ന ഒരു ഫേസ് മാസ്ക് ആണിത്. ഈ അമിത ചൂടിൽ വാടിപ്പോകാതെ നമ്മുക്ക് നമ്മുടെ മുഖത്തെ സംരക്ഷിക്കാം. ചൂട് കാരണം ഉണ്ടാകുന്ന കരുവാളിപ്പ്, കുരുക്കൾ, തടിപ്പ് തുടങ്ങിയവയെല്ലാം നമ്മുക്ക് മാറ്റിയെടുക്കാം.
ചൂട് കാലത്ത് ചർമ്മ സംരക്ഷണം
ചൂട് കാലത്ത് ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. അമിതമായ ചൂടും അന്തരീക്ഷ മലിനീകരണവുമൊക്കെ ചർമ്മത്തെ വളരെ മോശമായി ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ കൃത്യമായി സ്ക്രബ് ചെയ്യാനും ചർമ്മത്തിന് ആവശ്യമായ ഫേസ് മാസ്കുകൾ ഉപയോഗിക്കാനും മറക്കാതിരിക്കുക. അഴുക്ക് നീക്കം ചെയ്ത് ചർമ്മത്തിന് വേണ്ട പോഷകങ്ങൾ നൽകേണ്ടത് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കേണ്ടതും ഏറെ പ്രധാനമാണ്.
കൂളിങ് ഫേസ് മാസ്ക്
നിറം കുറഞ്ഞതും വരണ്ടതുമായ ചർമ്മങ്ങൾക്ക് കൂളിങ്ങ് ഫേസ് മാസ്കുകൾ ഏറെ നല്ലതാണ്. ചർമ്മത്തിന് ഈർപ്പം നൽകുന്നതിന് പുറമെ മുഖത്തിന് നല്ല തിളക്കം നൽകാനും ഇത് സഹായിക്കും. ടാൻ നീക്കം ചെയ്യുന്നതിനുള്ള ഒരു നല്ല ഓപ്ഷനാണ് ഇവ. കൂളിംഗ് ഫെയ്‌സ് മാസ്കുകളിൽ പലപ്പോഴും കറ്റാർ വാഴ, കുക്കുമ്പർ അല്ലെങ്കിൽ മെന്തോൾ പോലുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ചേരുവകൾ ചർമ്മത്തിൻ്റെ ചുവപ്പ്, വീക്കം, പ്രകോപനം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു, ഇത് സെൻസിറ്റീവ് അല്ലെങ്കിൽ സൂര്യതാപമേറ്റ ചർമ്മത്തിന് അനുയോജ്യമാണ്.
പുതിനയില
ആരോഗ്യത്തിന് വ്യത്യസ്തമായ പല ഗുണങ്ങളും നൽകുന്നതാണ് പുതിനയില. ചൂട് കാലത്ത് ശരീരത്തിന് നല്ല കൂളിങ് നൽകാൻ പുതിനയില സഹായിക്കാറുണ്ട്. അതുപോലെ ചർമ്മത്തിനും ഏറെ നല്ലതാണ്. ചർമ്മത്തിലെ അധിക എണ്ണ ഉത്പ്പാദനം കുറയ്ക്കാനും അതുപോലെ സുഷിരങ്ങളെ വ്യത്തിയാക്കാനും ഏറെ നല്ലതാണ് പുതിനയില. മാത്രമല്ല ചർമ്മത്തിൽ മുഖക്കുരു പ്രശ്നുള്ളവർക്കും ഇത് ഏറെ നല്ലതാണ്.
തൈര്
ചർമ്മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ് തൈര്. ചർമ്മത്തിൻ്റെ പിഎച്ച് ലെവൽ നിലനിർത്താൻ തൈര് സഹായിക്കും. അമിതമായ എണ്ണമയം കുറയ്ക്കാൻ തൈര് സഹായിക്കും. കൂടാതെ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറന്തള്ളാനും ഇത് സഹായിക്കുന്നതാണ്. മിക്ക ഫേസ് മാസ്കുകളിലും തൈര് ഒരു പ്രധാന ചേരുവയാണ്.
ഫേസ് മാസ്ക് തയാറാക്കാൻ
ഒരു കൈ നിറയെ പുതിനയില എടുക്കുക. ഇത് നന്നായി കഴുകി വ്യത്തിയാക്കിയ ശേഷം അരച്ച് എടുക്കുക. ഇനി ഇതിലേക്ക് 2 ടേബിൾ സ്പൂൺ തൈരും ചേർത്ത് യോജിപ്പിക്കുക. ഈ മാസ്ക് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ ഇത് കഴുകി വ്യത്തിയാക്കി എടുക്കാവുന്നതാണ്.