മലപ്പുറം: ജനാധിപത്യപ്രക്രിയയിൽ വോട്ടിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഓരോരുത്തരും സമ്മതിദാനാവകാശം വിനിയോഗിക്കുന്ന നിമിഷമാണ് തെരഞ്ഞെടുപ്പ്. ചൂണ്ടുവിരലിലെ മഷിപ്പാട് ഒരു വലിയ ഉത്തരവാദിത്തനിർവഹണത്തിന്റെ തെളിവാണ്. കൈയുള്ളവരുടേത് മാത്രമല്ല, അതില്ലാത്തവരുടേതും കൂടിയാണ് വോട്ടെടുപ്പ് പ്രക്രിയ. ഇപ്പോഴിതാ മലപ്പുറത്ത് കാൽകൊണ്ട് വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ് ഒരു യുവാവ്.
മലപ്പുറം കൊണ്ടോട്ടി സ്വദേശി അബദുസ്സമദ് പി എൻസി എന്ന സമദ് കോട്ടപ്പുറമാണ് കാലുകൊണ്ട് വോട്ട് രേഖപ്പെടുത്തിയത്. കൊണ്ടോട്ടിയിലെ 86ാം നമ്പർ ബൂത്തായ ആൽപറമ്പ് ജിഎംൽപി സ്കൂളിലാണ് സമദ് വോട്ട് ചെയ്യാനെത്തിയത്. ഭാര്യ തസ്‌വാനയ്‌ക്കും മകൾക്കുമൊപ്പമാണ് സമദ് വോട്ടിങ് കേന്ദ്രത്തിലെത്തിയത്.
ബൂത്തിൽ കയറിയ സമദിന്റെ ഇടതുകാലിലെ പെരുവിരലിനടുത്ത വിരലിൽ ഉദ്യോഗസ്ഥ മഷി പുരട്ടി നൽകി. തുടർന്ന് കാലുകൊണ്ട് ഒപ്പിട്ട് വോട്ടിങ് യന്ത്രത്തിൽ കാൽവിരലിനാൽ അമർത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. 2003ലാണ് സമദിന്റെ ജീവിതത്തിൽ ആ വലിയ നഷ്ടം സംഭവിക്കുന്നത്. വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് രണ്ട് കൈകളും നഷ്ടമായത്. 33കാരനായ സമദ് കോട്ടപ്പുറം സോഷ്യോളജിയിൽ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്. കീഴിശ്ശേരി അൽ അബീർ ഹോസ്പിറ്റലിൽ പിആർഒ ആയി ജോലി ചെയ്യുകയാണ് സമദ്.