ശാരീരിക അവശതകളെല്ലാം അവഗണിച്ചാണ് 91 വയസ്സുള്ള അമ്മ പോളിംഗ് ബൂത്തിലെത്തിയത്. പക്ഷേ ആ കഠിനമായ പരിശ്രമങ്ങൾക്കെല്ലാം കൂട്ടായി നിന്നത് അമ്മയുടെ ഊന്നു വടി മാത്രമാണ്. കളമശേരി പള്ളിലാങ്കര ഗവ.എൽ.പി സ്കൂളിലെ 156–ാം ബൂത്തിൽ പ്രായത്തിന്റെ അവശതകൾ മറന്ന് വോട്ട് രേഖപ്പെടുത്താനെത്തിയ പാറുക്കുട്ടിയമ്മയ്ക്കാണ് ഈ ദുർഗതി ഉണ്ടായത്. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലും തിരിച്ചറിയൽ കാർഡുകളൊന്നും ഇല്ലാത്തതാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ പറ്റാതെ പോയതിന് കാരണം.
വീട്ടിലുണ്ടായ തീപിടുത്തത്തിൽ തിരിച്ചറിയൽ കാർഡുകളക്കം കത്തി നശിച്ചിരുന്നു.വോട്ട് ചെയ്യാൻ ബൂത്ത് ഏജന്റുമാരും പ്രിസൈഡിങ് ഓഫീസറും സമ്മതിച്ചെങ്കിലും തങ്ങളുടെ ജോലിയെ ബാധിക്കുമെന്ന ഭയത്താൽ മറ്റ് രണ്ട് ഉദ്യോഗസ്ഥർ എതിർക്കുകയായിരുന്നു. രണ്ടര മണിക്കൂറോളം ബൂത്തിൽ കാത്തിരുന്നിട്ടും നിരാശയായിരുന്നു ഫലം.
ഇതോടെ പാറുക്കുട്ടിയമ്മയുടെ 91-ാം വയസ്സിലെ സമ്മതിദാനാവകാശമാണ് നിഷേധിക്കപ്പെട്ടത്. അഗ്നി വിഴുങ്ങിയ തിരിച്ചറിയൽ രേഖകളൊന്നുമില്ലാതെ പാറുക്കുട്ടിയമ്മ എന്ന ഈ വൃദ്ധ ശിഷ്ടജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നതാണ് വലിയ ചോദ്യം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതു പോലെ വീട്ടിൽ വോട്ടു ചെയ്യാൻ സാധിക്കുമെന്നു കരുതി കാത്തിരുന്ന പാറുക്കുട്ടിയമ്മയെ തേടി ഇത്തവണ ആരും വീട്ടിലെത്തിയതുമില്ല.