സംസ്ഥാനത്ത് വ്യാപക കള്ളവോട്ട് പരാതി; വിവിധ ജില്ലകളിലായി 16 പരാതികള്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളില്‍ നിന്നായി ഉയർന്നത്. പത്തനംതിട്ട മണ്ഡലത്തിൽ മാത്രം ഏഴ് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്.

ഇടുക്കി ചക്കുംപള്ളത്തും കരിമണ്ണൂരും കള്ളവോട്ട് നടന്നെന്നാണ് പരാതി. ചക്കുംപള്ളത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസിന് കൈമാറി. 77-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തശേഷം 80-ാം നമ്പര്‍ ബൂത്തിലും വോട്ടുചെയ്യാനെത്തി എന്നാണ് പരാതി. എന്നാല്‍ വോട്ടര്‍മാരെ കാണാന്‍ എത്തിയെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം. നിലവില്‍ ഈ ബൂത്തില്‍ വോട്ടിങ് സാധരണ നിലയിലാണ്. അതിനിടെ ഇടുക്കി കരിമണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ രണ്ടുപേരുടെ വോട്ട് മറ്റാരോ ചെയ്തെന്ന് പരാതി. കരിമണ്ണൂര്‍ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടുകളാണ് മാറ്റാരോ ചെയ്തത്.

കണ്ണൂരിലെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കരിമ്പം പനക്കാട് എൽപി സ്കൂളിലും കള്ളവോട്ട്. സ്ഥലത്ത് ഇല്ലാത്ത വോട്ടറായ ജസ്റ്റിൻ ചാക്കോയുടെ പേരില്‍ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി പരാതി. കുടുംബമാണ് പരാതി നൽകിയത്. ബൂത്ത് നമ്പർ 63 ലാണ് കള്ളവോട്ട് ചെയ്തത്.

പത്തനംതിട്ടയിൽ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് പരാതി ഉയ‍ർന്നു. ആനപ്പാറയിൽ ഹസ്സൻ ബീവി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തിരുന്നു. അടൂർ മണക്കാലയിൽ ലാലി യോഹന്നാന്റെ വോട്ടാണ് മറ്റാരോ ചെയ്തത്. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പ്രതിഷേധിച്ചു. തിരുവല്ല, ഓമല്ലൂർ, അടൂർ, വെട്ടൂർ എന്നിവിടങ്ങളില്‍ നിന്നും കള്ളവോട്ട് പരാതി ഉയർന്നു.

തിരുവനന്തപുരത്ത് കുന്നുകുഴിയിൽ രണ്ട് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. രാജേഷ്, തങ്കപ്പൻ എന്നിവരുടെ വോട്ടുകൾ മറ്റൊരോ ചെയ്തു. മണക്കാട് സ്കൂളിലെ പി രാജേഷിന്റെ വോട്ടും മറ്റാരോ ചെയ്തു. ആറ്റിങ്ങൽ മണ്ഡലത്തിൽ പോത്തൻകോട് മേരി മാതാ സ്കൂളിൽ ലളിതാമ്മയുടെ വോട്ടും മറ്റാരോ ചെയ്തു. മലപ്പുറത്തെ പെരിന്തല്‍മണ്ണയിലും തൃശൂർ‌ ഒല്ലൂരും കള്ളവോട്ട് പരാതി ഉയര്‍ന്നു. ഇടുക്കിയിൽ രണ്ടിടത്ത് ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചത് പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു. ചെമ്മണ്ണാറിലും കുമ്പപ്പാറയിലുമാണ് തമിഴ്നാട്ടിൽ വോട്ട് ചെയ്തവർ ഇവിടെയും വോട്ട് ചെയ്യാൻ ശ്രമിച്ചത്. ഇരുവർക്കുമെതിരെ കേസെടുത്തിട്ടില്ല.

അതേസമയം, യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എല്‍ഡിഎഫിന്റെ പരാതി. ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 113, 114, 115 എന്നീ പോളിങ് ബൂത്തുകളിലും എഎല്‍പിഎസ് ചെങ്കളയിലെ ബൂത്ത് നമ്പര്‍ 106, 107ലും വ്യാപക കള്ളവോട്ട് നടക്കുന്നതായാണ് പരാതി. പോളിങ് ഉദ്യോഗസ്ഥരെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കളളവോട്ട് ചെയ്യാന്‍ നടത്തിയ ശ്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. ദൃശ്യങ്ങൾ പകര്‍ത്തുകയായിരുന്ന ക്യാമറാമാനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പൊലീസിന്‍റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രവര്‍ത്തകരുടെ ക്രൂരരമായ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.