തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ നേരിയ തോതില്‍ സംഘര്‍ഷം. കോവളത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കോവളം ഹാർബർ സ്കൂളിലെ ബൂത്തിലേക്ക് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ എത്തിയതോടെയാണ് ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടിയത്. തരൂരിനോട് സിപിഎം പ്രവർത്തകർ പ്രകോപനപരമായി പെരുമാറി എന്നാണ് യുഡിഎഫ് പ്രവർത്തകരുടെ പരാതി.
ഇടതുപ്രവർത്തകരെ തടയാനായി യുഡിഎഫ് പ്രവർത്തകർ എത്തിയതോടെ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. ഇതിനിടെ ശശി തരൂർ പോളിങ് ബൂത്തിലെത്തി വോട്ടർമാരേയും പ്രദേശവാസികളെയും കണ്ടു. എന്നാൽ പുറത്ത് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി തുടർന്നു. തരൂരിന്റെ വാഹനവും സിപിഎം പ്രവർത്തകർ വളഞ്ഞു.
വലിയ പോലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പ്രവർത്തകരെ നിയന്ത്രിക്കാൻ പാടുപെട്ടു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഇവിടേക്കെത്തിയാണ് പ്രവർത്തകരെ രണ്ടുഭാഗത്തേക്ക് മാറ്റിയത്. തുടർന്ന് പോലീസിന്റെ വലിയ സുരക്ഷാ അകമ്പടിയോടെ ശശി തരൂർ പുറത്തേക്കെത്തി വാഹനത്തിൽ കയറുകയായിരുന്നു.
നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. 154ആം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. വി മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ബിഎൽഒയുമായി സിപിഐഎം പ്രവർത്തകർ സംസാരിച്ചത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.