ലോകത്തെ ശതകോടീശ്വരൻമാർക്കെല്ലാം ആഡംബര ഭവനമുള്ള സ്ഥലമാണ് ദുബായ്. ഈ വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ എമിറേറ്റിൽ 170 കോടി ഡോളർ മൂല്യമുള്ള 105 ആഡംബര ഭവനങ്ങളുടെ വില്പന നടന്നതായാണ് റിപ്പോർട്ട്. ആഗോള പ്രോപ്പർട്ട് കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്കാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 19 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.
ദുബായിലെ പ്രധാന ആകർഷണമായ പാം ജുമൈറ എന്ന കൃത്രിമദ്വീപിൽ മുകേഷ് അംബാനിയും ഷാരൂഖ് ഖാനും അടക്കമുള്ള സെലിബ്രിറ്റികളും വൻകിട ബിസിനസുകാരും വീടുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2024ന്റെ ആദ്യപാദത്തിൽ 62.8 കോടി ഡോളറിന്റെ ഇടപാടുകളാണ് പാംജുമൈരയിൽ നടന്നത്. 10 മില്യൺ ഡോളറിലധികം വിലവരുന്ന വീടുകളുടെ വില്പനയിൽ വലിയ വർദ്ധന ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ആഡംബര വീടുകളുടെ വില്പനയിൽ ജുമൈര ബേ ഐലൻഡ്, ദുബായ് ഹിൽസ് എസ്റ്റേറ്റ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം ഒരു കോടി ഡോളറിന് മുകളിൽ മൂല്യമുള്ള 431 ആഡംബര വീടുകളാണ് ദുബായിൽ വിറ്റുപോയത്. മിഡിൽ ഈസ്റ്റിലെ ടൂറിസത്തിന്റെയും ബിസിനസിന്റെയും ഹബ്ബായ ദുബായിലേക്ക് വൻകിട ബിസിനസുകാർ കൂടുതൽ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് കോടികൾ വിലയുള്ള വീടുകളുടെ വില്പനയിൽ വർദ്ധന രേഖപ്പെടുത്തിയത്. ഏകദേശം 105 ആഡംബര വീടുകളാണ് കഴിഞ്ഞ മൂന്നുമാസങ്ങൾ കൊണ്ട് ദുബായിൽ വിറ്റുപോയത്.
നിലവിൽ ഏറ്റവും കൂടുതൽ സമ്പന്നർ താമസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. 22ാം സ്ഥാനത്തുണ്ട്. നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ ദുബായ് 22ാം സ്ഥാനത്താണ്. .21 ശതകോടീശ്വരന്മാരാണ് ദുബായിലുള്ളത്. കഴിഞ്ഞ 11 വർഷത്തിനിടെ 1500ലേറെ കോടീശ്വരന്മാരാണ് യു.കെ.യിൽ നിന്ന് ദുബായിലേക്ക് കുടിയേറിയത്.